ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന കാർ, ദുർഗാ വിഗ്രഹ നിമജ്ജനത്തിൽ പങ്കെടുക്കുകയായിരുന്ന ഭക്തക്കിടയിലേക്ക് ഇടിച്ചു കയറി ഒരാൾ കൊല്ലപ്പെട്ടു. 16 പേർക്ക് പരുക്കേറ്റതായും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ജഷ്പൂർ ജില്ലയിലെ പത്തൽഗാവിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്.
ഒരു മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുവന്നുവെന്നും 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ബ്ലോക്ക് മെഡിക്കൽ ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞു. എക്സ്-റേയിൽ ഒടിവു കണ്ടെത്തിയതിനത്തുടർന്ന് ശേഷം അവരിൽ രണ്ടുപേർ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ബബ്ലു വിശ്വകർമ, ശിശുപാൽ സാഹു എന്നീ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും ജഷ്പൂർ എസ്പി ഓഫീസ് അറിയിച്ചു.
പ്രതികൾ രണ്ടുപേരും മധ്യപ്രദേശ് സ്വദേശികളാണ്, ചത്തീസ്ഗഡിലൂടെ കടന്നുപോയ സമയത്ത് ഘോഷയാത്ര നടത്തുന്ന ആളുകളെ അവർ ഇടിച്ചിടുകയായിരുന്നു.
സംഭവം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് പറഞ്ഞ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ കുറ്റവാളികളെ പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞു. പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും “ആരെയും വെറുതെ വിടില്ല” എന്നും ബാഗേൽ പറഞ്ഞു.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള ഒരു താർ ജീപ്പ് ഉൾപ്പെടെയുള്ള വാഹനവ്യുഹം ഇടിച്ച് കയറ്റി നാല് കർഷകരും പത്രപ്രവർത്തകനും കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം. തുടർന്ന് ഒക്ടോബർ മൂന്നിന് ടിക്കോണിയയിലുണ്ടായ അക്രമങ്ങളിൽ മറ്റ് മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. വാഹനങ്ങളിലൊന്ന് ഓടിച്ചിരുന്ന അജയ് മിശ്രയുടെ മകൻ ആശിഷും മറ്റ് അഞ്ച് പേരും കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
Also Read: സിംഗു കൊലപാതകത്തെ അപലപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച; പൊലീസുമായി സഹകരിക്കും