scorecardresearch
Latest News

കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എപ്പിഡെമോളജിയുടെ (ഐസിഎംആര്‍-എന്‍ഐഇ) പഠന പ്രകാരമാണിത്

Covid Death, Covid Vaccine

പൂനെ: കോവിഡ് മരണങ്ങള്‍ തടയുന്നതില്‍ ഒരു ഡോസ് വാക്സിന്‍ ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എപ്പിഡെമോളജിയുടെ (ഐസിഎംആര്‍-എന്‍ഐഇ) പഠനം. ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ മരണം തടയുന്നതില്‍ 82 ശതമാനമാണ് പ്രതിരോധശേഷിയുണ്ടാവുക. രണ്ട് ഡോസ് സ്വീകരിച്ചാല്‍ ഇത് 95 ശതമാനമായി ഉയരും.

‘തമിഴ്‌നാട്ടിലെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കിടയില്‍ മരണം തടയുന്നതില്‍ വാക്സിന്റെ ഫലപ്രാപ്തി’ എന്ന പഠനം ജൂൺ 21-ാം തീയതിയാണ് ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചത്. തമിഴ്നാട് പൊലീസുകാര്‍ക്കിടയില്‍ വാക്സിന്‍ സ്വീകരിച്ചവരുടെ കണക്കെടുപ്പ് നടത്തുന്നുണ്ട്. ഇതാണ് പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ഒരു ഡോസ്, രണ്ട് ഡോസ്, സ്വീകരിക്കാത്തവര്‍ തുടങ്ങിയവരില്‍ രണ്ടാമത്തെ തരംഗത്തില്‍ ഉണ്ടായ കോവിഡ് മരണങ്ങള്‍, ആശുപത്രികളില്‍ പ്രവേശിപ്പിച്ചതും, വാക്സിന്‍ സ്വീകരിച്ച തീയതികള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.

വാക്സിന്‍ സ്വീകരിച്ചതും അല്ലാത്തതുമായ ആളുകളിലെ കോവിഡ് മരണങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതിനായാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് ഐസിഎംആര്‍-എന്‍ഐഇ ഡയറക്ടര്‍ മനോജ് മുരേക്കര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

1,17,524 പൊലീസുകാരാണ് തമിഴ്നാട്ടില്‍ ജോലി ചെയ്യുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ മേയ് 14 വരെ 32,792 പേര്‍ ഒരു ഡോസ് വാക്സിനും, 67,673 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 17,059 പേരാണ് ഇതുവരെ കുത്തിവയ്പ്പെടുക്കാത്തത്.

31 മരണമാണ് ഇവര്‍ക്കിടയില്‍ ഏപ്രില്‍ 13 മുതല്‍ മേയ് 14 വരെയുള്ള തീയതികളി‍ല്‍ സംഭവിച്ചത്. ഇതില്‍ നാല് പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. ഏഴ് പേര്‍ ഒരു ഡോസും. വാക്സിന്‍ സ്വീകരിക്കാത്ത 20 പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്.

ആയിരം പൊലീസുകാര്‍ക്കിടയിലെ ശതമാനക്കണക്കുകള്‍ പരിശോധിച്ചാല്‍ വാക്സിന്‍ സ്വീകരിക്കാത്തവരുടെ നിരക്ക് 1.17 ആണ്. ഒരു ഡോസ് സ്വീകരിച്ച 0.21 ശതമാനം ആളുകളും, രണ്ട് ഡോസും എടുത്ത 0.06 ശതമാനം ആളുകളും മരണമടഞ്ഞു.

കടുത്ത രോഗങ്ങള്‍ ഉള്ളവരിലും ഫലപ്രാപ്തിയുള്ളതായി ഡോ. മുരേക്കര്‍ വ്യക്തമാക്കി. ഓക്സ്ഫോര്‍ഡ് ആസ്ട്രസെനക്ക വാക്സിന്റെ മൂന്നാം ഘട്ട ട്രയല്‍സില്‍ 97.5 ശതമാനമാണ് രോഗത്തിനെതിരായ ഫലപ്രാപ്തി. പല രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളിലും സമാനമാണ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: അപൂർവ നാഡി രോഗത്തിന് കോവിഡ് വാക്സിനുമായി ബന്ധമെന്ന് പഠനം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: One dose of covid vaccine effective in preventing death icmr nie study