വാഷിങ്ടൺ: അമേരിക്കയില്‍ ജൂത സിനഗോഗിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ സാൻ ഡിയാഗോ പള്ളിയിലാണ് വെടിവയ്പുണ്ടായത്. പള്ളിയിൽ പ്രാർഥനക്കെത്തിയ 60കാരിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രോശിച്ച് കൊണ്ട് പളളിയിലേക്ക് ഓടിക്കയറിയാണ് അക്രമി വെടിയുതിര്‍ത്തത്.
സിനഗോഗിലെ പുരോഹിതനും 34കാരനായ യുവാവിനും മറ്റൊരു പെൺകുട്ടിക്കുമാണ് വെടിവയ്പിൽ പരുക്കേറ്റത്. എആർ 15 തോക്ക് ഉപയോഗിച്ചാണ് അക്രമി വെടിവച്ചത്. പുരോഹിതന് അക്രമിയോട് സംസാരിക്കാന്‍ ശ്രമം നടത്തി. ആദ്യം കേട്ടു നിന്ന അക്രമി എന്നാല്‍ വെടിയുതിര്‍ക്കുകയായിരുന്നു. പുരോഹിതന്റെ കൈയ്ക്ക് ആണ് വെടിയേറ്റത്.
പിറ്റസ്ബർഗ് സിനഗോഗിൽ 15 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പുണ്ടായി 11 മാസത്തിന് ശേഷമാണ് അമേരിക്കയിൽ വീണ്ടും ജൂതർക്കെതിരെ ആക്രമണമുണ്ടാവുന്നത്. വിദ്വേഷ അക്രമമാണ് നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 19കാരനായ ജോണ്‍ ഏണസ്റ്റ് എന്നയാളാണ് അക്രമിയെന്നാണ് സൂചന. ജൂതന്മാര് ലോകം നശിപ്പിക്കുകയാണെന്ന് വിളിച്ചു പറഞ്ഞാണ് അക്രമി പളളിയിലേക്ക് കയറിയതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.