ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ 2018 ല്‍ മാത്രം ഒരു കോടി യുവാക്കള്‍ക്കും ജോലി നഷ്ടമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ അവര്‍ക്കായി ഒന്നും ചെയ്തില്ലെന്നും രാഹുല്‍ പറഞ്ഞു. അഗര്‍ത്തലയില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം.

”ഒരു കോടി യുവാക്കള്‍ക്കാണ് 2018 ല്‍ മാത്രം ജോലി നഷ്ടമായത്. രാജ്യത്ത് ഓരോ ദിവസവും 3000 പേര്‍ക്കാണ് ജോലി നഷ്ടമാകുന്നത്. ത്രിപുരയില്‍ മാത്രം ഏഴര ലക്ഷം യുവാക്കളാണ് തൊഴില്‍ രഹിതരായിട്ടുള്ളത്. അവര്‍ക്ക് വേണ്ടിയൊന്നും ചെയ്തിട്ടില്ല” രാഹുല്‍ പറഞ്ഞു.

ബിജെപിക്കെതിരെ ആശയ പരമായ യുദ്ധത്തിനിറങ്ങണമെന്നും അതിന് വേണ്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.”രാജ്യത്ത് രണ്ട് കാര്യങ്ങളാണ് നടക്കുന്നത്, ഒന്ന് ബിജെപിയുടെ വിവേചനത്തിന്റേയും വെറുപ്പിന്റേയും രാഷ്ട്രീയവും മറ്റൊന്ന് കോണ്‍ഗ്രസിന്റെ സ്‌നേഹത്തിലും ഐക്യത്തിലും സഹോദര്യവും നിറഞ്ഞ രാഷ്ട്രീയവും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ആളുകളോടായി ഞാന്‍ ആവശ്യപ്പെടുകയാണ്, ബിജെപിക്കെതിരെ ആശയ യുദ്ധം നടത്തൂ, കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കൂ” രാഹുല്‍ പറഞ്ഞു.

Read More: ‘മോദി ബാബയും 40 കളളന്മാരും’; മല്യയെ രാജ്യം വിടാന്‍ സഹായിച്ച കളളനാണ് കാവല്‍ക്കാരനെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മിനിമം വേതനം നടപ്പിലാക്കുമെന്നും രാഹുല്‍ ആവര്‍ത്തിച്ചു. നോര്‍ത്ത് ഈസ്റ്റ് മേഖലയിലെ ജനങ്ങളെ സാരമായി ബാധിക്കുന്ന പൗരത്വബില്ല് പാസാക്കില്ലെന്നും എന്നന്നേക്കുമായി ബില്ല് എടുത്തുകളയുമെന്നും രാഹുല്‍ പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ മോദി കള്ളന്മാരെ സഹായിക്കുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

”നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കള്ളന്മാരെല്ലാം കള്ളപ്പണം ബാങ്കിലെത്തിച്ച് വെളുപ്പിക്കുകയായിരുന്നു. നരേന്ദ്രമോദിയുടെ സഹായത്തോടെയാണ് അവരത് ചെയ്തത്” രാഹുല്‍ പറഞ്ഞു. റഫേല്‍ കരാറിന് പിന്നിലെ അഴിമതി അന്വേഷിച്ചാല്‍ മോദിയും അനില്‍ അംബാനിയും ജയിലാകുമെന്നും രാഹുല്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook