ന്യൂഡല്‍ഹി: പശ്ചിമ ബംഗാൾ, അസം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പോക്സോ കേസുകളില്‍ നാലിലൊന്നും പ്രണയബന്ധങ്ങലാണെന്ന് കണ്ടെത്തല്‍. ഇരയായ കുട്ടിയ്ക്ക് പ്രതിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമുണ്ടെന്നാണ് പ്രോ ആക്ടീവ് ഹെല്‍ത്ത് ട്രസ്റ്റും യൂണിസെഫ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ പഠന റിപ്പോര്‍ട്ടിൽ പറയുന്നത്. ഇത്തരത്തിലുള്ള പ്രണയബന്ധങ്ങളുള്ള കേസുകളില്‍ 16-18 വയസിനിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ഗവേഷകരായ സ്വാഗത രാഹ, ശ്രുതി രാമകൃഷ്ണന് എന്നിവര്‍ ചേർന്ന് നടത്തിയ പഠനത്തിൽ അസം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ 2016-നും 2020-നും ഇടയിൽ 7,064 പോക്സോ കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 1,715 കേസുകളിലും ഇരയും പ്രതിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധം നിലനിന്നിരുന്നതായി കോടതി രേഖകള്‍ പറയുന്നു. 1,715 കേസുകളില്‍ 1,508 എണ്ണത്തിലും പ്രതിയുമായി പ്രണയബന്ധമുണ്ടെന്ന് ഇരയായ പെണ്‍കുട്ടി സമ്മതിച്ചിട്ടുണ്ട്.
“കുടുംബത്തിന്റെ ആഗ്രഹങ്ങൾക്കു വിരുദ്ധമായി ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന പെൺകുട്ടികളെ നിയന്ത്രിക്കാനും ഒളിച്ചോടിയാൽ വീട്ടിലേക്ക് മടങ്ങാൻ നിർബന്ധിക്കാനുമാണ് ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ ശക്തി കൂടുതൽ തവണ ഉപയോഗിച്ചത്. ചില കേസുകളിൽ, വിവാഹ വാഗ്ദാനം പാലിക്കാൻ കുറ്റാരോപിതനെ പ്രേരിപ്പിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്,” റിപ്പോർട്ട് പറയുന്നു.
പ്രണയബന്ധമെന്ന് നിര്‍വചിക്കുന്നതിനായി സൂക്ഷ്മമായ എന്തെങ്കിലും കാര്യം ഉപയോഗിച്ചിരുന്നെങ്കില്‍ (ഇര, അല്ലെങ്കില്‍ അവരുടെ കുടുംബം, സാക്ഷികള്‍ എന്നിവര്‍ പ്രണയബന്ധമാണെന്നു സമ്മതിക്കുന്ന സാഹചര്യം, അല്ലെങ്കില്‍ കോടതിയുടെ അനുമാനം) ഈ സംഖ്യ ഇനിയും ഉയര്‍ന്നേനെയെന്ന് ശ്രുതി രാമകൃഷ്ണന് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ചുരുക്കം കേസുകളില്‍ കേസുകളിൽ മാത്രമേ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചിട്ടുള്ളൂവെന്നും പ്രണയബന്ധം ഉള്‍പ്പെട്ടവയില്‍ പ്രതികളെ കുറ്റവിമുക്തരാക്കുകയാണ് കൂടുതലെന്നും പഠനം വ്യക്തമാക്കുന്നു. 18 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർ ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമം അംഗീകരിക്കാത്തപ്പോൾ പോലും കോടതികൾ അത്തരം കേസുകളിൽ മൃദുവായ സമീപനം സ്വീകരിക്കുന്നുവെന്ന് ഇത് കാണിക്കുന്നു.