ഡൽഹി: 50 കാരിയായ സഹോദരിയെ സഹോദരൻ തന്റെ വീടിന്റെ ടെറസിന് മുകളിൽ തടവിലാക്കിയത് രണ്ട് വർഷം. ജീവൻ നിലനിർത്താൻ നാല് ദിവസത്തിലൊരിക്കൽ മാത്രമാണ് ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്. അതും ഒരു കഷണം ബ്രഡ് മാത്രം.

വടക്കൻ ഡൽഹിയുടെ ഭാഗമായ രോഹിണിയിൽ ഒരു വീടിന്റെ ടെറസിൽ നിന്നും പൊലീസാണ് മധ്യവയസ്‌കയെ രക്ഷിച്ചത്. എല്ലും തോലും മാത്രമായ സ്ഥിതിയിലാണ് വയോധികയെ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് വർഷമായി അവർ വസ്ത്രം മാറിയിരുന്നില്ല. തന്റെ വിസർജ്യങ്ങൾക്ക് മുകളിൽ തന്നെയാണ് അവർ കിടന്നിരുന്നത്. ഇവരുടെ മൂത്ത സഹോദരൻ വനിത കമ്മിഷനിൽ ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ഇളയ സഹോദരന്റെ വസതിയിലാണ് വയോധിക കഴിഞ്ഞിരുന്നത്.

മധ്യവയസ്‌കയ്ക്ക് പൂർണ്ണ മാനസികാരോഗ്യം ഇല്ലെന്നാണ് ഇത് സംബന്ധിച്ച് മൂത്ത സഹോദരൻ വനിത കമ്മിഷനെ അറിയിച്ചത്. ഇവരെ രക്ഷിക്കാനായി സ്ത്രീകളടങ്ങിയ സംഘത്തെ വനിത കമ്മിഷൻ വീട്ടിലേക്ക് അയച്ചെങ്കിലും ഇവരെ അകത്തേക്ക് കടത്തിവിടാൻ വീട്ടുടമയും കുടുംബാംഗങ്ങളും തയ്യാറായില്ല.

പല തവണ ശ്രമിച്ചിട്ടും വീടിനകത്തേക്ക് കയറാൻ സാധിക്കാതെ വന്നതോടെ അയൽവീട്ടിന്റെ മതിൽ ചാടിക്കടന്നാണ് വനിത കമ്മിഷൻ സംഘം ടെറസിലേക്ക് കടന്നത്. ഇളയ സഹോദരനും ഭാര്യയും തങ്ങളെ ആരെയും വീടിനകത്തേക്ക് പ്രവേശിപ്പിക്കാറില്ലായിരുന്നുവെന്ന് മൂത്ത സഹോദരൻ പരാതിപ്പെട്ടു.

50 വയസ് മാത്രം പ്രായമുളള ഇവരെ കണ്ടാൽ 90 വയസുളള വയോധികയാണെന്ന് തോന്നും ആർക്കും. ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ