ദിസ്‌പൂർ: ഓരോ ഇന്ത്യൻ പൗരനെയും കോരിത്തരിപ്പിച്ച ചിത്രമായിരുന്നു കഴിഞ്ഞ സ്വതന്ത്ര്യദിനത്തിൽ അസ്സമിൽനിന്ന് വന്നത്. നെഞ്ചൊപ്പം വെള്ളത്തിൽ നിന്നുകൊണ്ട് ദേശീയ പതാകക്ക് ആദരമർപ്പിക്കുന്ന രണ്ട് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ഫോട്ടോയായിരുന്നു അത്. ധുബ്രി ജില്ലയിലെ ഒരു എൽപി സ്കൂളിൽനിന്നും പകർത്തിയ ചിത്രത്തിൽ കുട്ടികളുടെ രണ്ട് അധ്യാപകരെയും കാണാം.

എന്നാൽ ഇന്ന് ആ ഫോട്ടോക്ക് വില നൽകാത്ത വാർത്തകളാണ് അസ്സമിൽനിന്നു വരുന്നത്. ഫോട്ടോയിൽ ഇടതുഭാഗത്ത് നിൽക്കുന്ന ഹയ്ദോർ ഖാൻ എന്ന ഒമ്പത് വയസുകാരൻ ഇന്ത്യൻ പൗരനല്ലെന്നാണ് സർക്കാർ പറയുന്നത്. ദേശിയ പൗരത്വ റജിസ്റ്റർ പട്ടികയിൽ ഹയ്ദോർ ഇടം പിടിച്ചിട്ടില്ല. എന്നാൽ ഫോട്ടോയിലുള്ള ഹയ്ദോറിന്റെ ബന്ധുവായ 10 വയസുകാരൻ ജിയറുൾ ഖാനും രണ്ട് അധ്യാപകരും റജിസ്റ്ററിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്.

ഹയ്ദോറിന്റെ വീട്ടിൽ ബാക്കിയുള്ളവരെയൊക്കെ ദേശീയ പൗരത്വ റജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഹയ്ദോർ മാത്രം ഇന്ത്യൻ പൗരനല്ലത്രേ. ഹയ്ദോറിന്റെ പിതാവ് റുപ്പ്നെൽ ഖാൻ 2011 ൽ ഉണ്ടായ ആഭ്യന്തര കലാപത്തിൽ കൊല്ലപ്പെടുകയായിരുന്നു. തനിക്ക് ദേശീയ പൗരത്വ റജിസ്റ്റർ പട്ടികയെ കുറിച്ചൊന്നും അറിയില്ലെന്നും, ഞങ്ങളുടെ കൂട്ടത്തിലെ മുതിർന്നവർ പറയുന്നതാണ് ഞങ്ങൾ ചെയ്യുന്നതെന്നും ഹയ്ദോർ പറയുന്നു.

ദേശിയ പൗരത്വ റജിസ്റ്റർ പട്ടികയിൽ നിന്നും നാല്പത് ലക്ഷത്തോളം പേർ ഒഴിവാക്കപ്പെട്ടത് വിവാദമായിരുന്നു. 1971 മാർച്ച്‌ 24 ന് മുമ്പ് വോട്ടർപട്ടികയിൽ പേരുള്ളവരുടെ പിൻതലമുറയെ ദേശിയ പൗരത്വ റജിസ്റ്റർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ജോലികൾ പുരോഗമിക്കുകയാണ്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനാണ് ദേശിയ പൗരത്വ റജിസ്റ്റർ പട്ടിക തയ്യാറാക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ പ്രളയത്തിൽ അസ്സം മുഴുവൻ വെള്ളത്തിനടിയിൽ ആയിരുന്നു. ചുരുക്കം അധ്യാപകർ ഒത്തുകൂടി ദേശീയ പതാകയുയർത്താൻ തീരുമാനിച്ചു. ഈ സമയം ഒന്നും നോക്കാതെ വെള്ളത്തിൽ എടുത്തുചാടിയ ഇരു കുട്ടികളും കൊടിമരത്തിന്റെ അടുത്തെത്തി ദേശീയ പതാകയെ സല്യൂട്ട് ചെയ്യുകയായിരുന്നു. മറ്റൊരു അധ്യാപകനാണ് ചിത്രം പകർത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ