കൊൽക്കത്ത: ബംഗാൾ വർഗീയ കലാപത്തി​നിടെ സംഭവിച്ചതെന്ന പേരില്‍ സിനിമയില്‍ നിന്നെടുത്ത ചിത്രം പ്രചരിപ്പിച്ചയാൾ അറസ്​റ്റിൽ. ബംഗാളിലെ നോർത്ത് 24 പര്‍‍ഗാനാസിലെ കലാപത്തിന്‍റേതെന്ന പേരില്‍ ഭോജ്പുരി സിനിമയിലെ ദൃശ്യം പ്രചരിപ്പിച്ചയാളാണ് പിടിയിലായത്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വ്യാജ ചിത്രം പ്രചരിപ്പിച്ചതിന് പിന്നാലെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പിടിയിലായ ആളുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

‘ബംഗാളിലെ ഹിന്ദു സ്ത്രീകളുടെ ദുരവസ്ഥ’ എന്ന അടിക്കുറുപ്പോടെ ഒരു സ്ത്രീയുടെ വസ്ത്രമഴിക്കാന്‍ മറ്റൊരാള്‍ ശ്രമിക്കുന്ന ചിത്രം ബിജെപി ഹരിയാന സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം വിജേത മാലിക്കും പങ്കുവെച്ചിരുന്നു. മനോജ് തിവാരി അഭിനയിച്ച ഭോജ്പൂരി ചിത്രത്തിലെ ഒരു രംഗമാണ് ബിജെപി നേതാവ് പങ്കുവെച്ചത്.

ആള്‍ട്ട് ന്യൂസ് പോലുള്ള വെബ്സൈറ്റുകള്‍ ഉടന്‍ തന്നെ ചിത്രം സിനിമയില്‍ നിന്നെടുത്തതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അപ്പോഴേക്കും ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി ഷെയര്‍ ചെയ്തു. വ്യാജ ചിത്ര പ്രചരണത്തിലൂടെയും മറ്റും ബിജെപിയും ആര്‍എസ്എസും സംഘര്‍ഷം ആളിക്കത്തിച്ചതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. വ്യാജ ചിത്രങ്ങളും വ്യാജ വീഡിയോകളും പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മമത വ്യക്തമാക്കിയിരുന്നു.

Also Read: ആ സ്കിറ്റും പൊളിഞ്ഞു! ബംഗാളിലെ ഹിന്ദു സ്ത്രീ നടു റോഡില്‍ അപമാനിക്കപ്പെട്ടെന്നു പറഞ്ഞ് ബിജെപി വനിതാ നേതാവ് പോസ്റ്റ് ചെയ്തത് ബോജ്പുരി സിനിമാ രംഗം

11-ാം ക്ലാസ്‌ വിദ്യാർഥിയുടെ അപകീർത്തികരമായ ഫേസ്ബുക്ക്‌ പോസ്റ്റാണ്‌ ബംഗാളിലെ ബസീറ സബ്‌ ഡിവിഷനിലെ ബദുരിയിൽ സംഘർഷമുണ്ടാകാൻ കാരണമായത്‌. ഒരു മതത്തിന്റെ വിശുദ്ധകേന്ദ്രത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ളതായിരുന്നു വിദ്യാർഥിയുടെ ഫേസ്ബുക്ക്‌ പേസ്റ്റ്‌. തുടർന്ന്‌ വിദ്യാർഥിയെ പൊലീസ്‌ അറസ്റ്റു ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook