ന്യൂഡൽഹി: ലോകത്തെ കീഴ്മേൽ മറിച്ച കൊറോണ വൈറസ് എന്ന മഹാമാരിക്കു പിന്നിൽ വവ്വാലോ, ഈനാംപേച്ചിയോ തന്നെയാകുമെന്നു ചൈനീസ് പഠനത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). വവ്വാലുകളില്‍ കാണുന്ന വൈറസിനു പരിവര്‍ത്തനം സംഭവിച്ചതാണ് ഇപ്പോഴത്തെ കോവിഡ് മഹാമാരിക്കു കാരണമായ വൈറസ് എന്നാണ് ചൈനീസ് പഠനത്തില്‍ വ്യക്തമാക്കുന്നത്.
മാരകമായ ഈ വൈറസ് ഒന്നുകിൽ വവ്വാലുകളിൽ നിന്ന് നേരിട്ട് മനുഷ്യനിലേക്ക് പടർന്നതോ അല്ലെങ്കിൽ വവ്വാലുകളിൽ നിന്നും ഈനാംപേച്ചികളിലേക്കും ഈനാമ്പേച്ചികളിൽ നിന്നും മനുഷ്യനിലേക്കും പടർന്നതോ ആകാനാണ് സാധ്യത എന്നാണ് ഐസിഎംആർ പറയുന്നത്.
Read More: ലോകത്തെ പഴയപടിയാക്കാൻ കോവിഡ് വാക്സിനു മാത്രമേ സാധിക്കൂ: യുഎൻ സെക്രട്ടറി ജനറൽ
“ചൈനയിൽ നടത്തിയ ഒരു ഗവേഷണമനുസരിച്ച് കൊറോണ വൈറസ് മനുഷ്യരെ ബാധിക്കുന്ന തരത്തിൽ വവ്വാലുകളിൽ രൂപാന്തരപ്പെട്ടിരിക്കാമെന്ന് കണ്ടെത്തി. വവ്വാലുകളിൽ നിന്ന് ഇത് ഈനാംപേച്ചികളിലേക്കും അവയിൽ നിന്നും മനുഷ്യനിലേക്കും പടരാനുള്ള സാധ്യതയുമുണ്ട്.” ഐസിഎംആറിന്റെ ഹെഡ് സയന്റിസ്റ്റ് ഡോ. രാമൻ ആർ.ഗംഗാഖേദ്കർ പറഞ്ഞു.
“ആയിരം വർഷത്തിലൊരിക്കലാണ് കൊറോണ വൈറസ് വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്,” ഡോ.ഗംഗാഖേദ്കർ പറഞ്ഞു.
എന്നാല്‍ ഇന്ത്യയില്‍ വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പടര്‍ന്നതിന് യാതൊരു തെളിവും കിട്ടിയിട്ടില്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിപ്പ വൈറസ് ബാധയുടെ സമയത്തു തന്നെ ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തിയിരുന്നു. രണ്ടു തരം വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അത് മനുഷ്യരിലേക്കു പടരാന്‍ പാകത്തില്‍ ഉള്ളതല്ലെന്നും ഡോ.ഗംഗാഖേദ്കര്‍ പറഞ്ഞു.
കൊറോണ വൈറസ് എങ്ങിനെ മനുഷ്യരിലേക്ക് എത്തിയെന്ന കാര്യത്തില്‍ ശാസ്ത്രലോകത്ത് വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. ഈനാംപേച്ചികളെ വില്‍ക്കുന്ന ചൈനയിലെ വെറ്റ് മാര്‍ക്കറ്റില്‍നിന്ന് 2019 അവസാനത്തോടെ വൈറസ് മനുഷ്യരെ ബാധിച്ചുവെന്ന വാദം ഒരു വിഭാഗം ഗവേഷകര്‍ തള്ളിക്കളയുകയാണ്.
അതേസമയം, ലോകത്തെ കോവിഡ് -19 രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 185 രാജ്യങ്ങളിലായി 2,083,237 പേർക്ക് ഇതുവരെ കോവിഡ് കണ്ടെത്തിയതായി യുഎസിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. 134,610 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 510,329 പേർ രോഗവിമുക്തരായി.