പനാജി: ഹരിയാനയിലെ ബി ജെ പി നേതാവും നടിയുമായ സൊണാലി ഫോഗട്ടിനെ(42) കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടു പേരെ ഗോവ് പൊലീസ് അറസ്റ്റ് ചെയ്തു. സൊണാലിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് സുധീര്‍ സാങ്വാന്, ഇയാളുടെ സഹായി സുഖ്വീന്ദര് സിങ് എന്നിവരാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 23-നു രാവിലെയാണു സൊണാലി ഫോഗട്ടിനെ ഗോവയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സൊണാലിയക്കു പ്രതികള്‍ ദ്രാവകരൂപത്തിലുള്ള അപകടരമായ രാസവസ്തു മനഃപൂര്‍വം നല്‍കിയതായി പൊലീസ് പറഞ്ഞു.
സുധീറും സുഖ്വീന്ദറും സൊണാലിയുമായി ഒത്തുചേര്‍ന്നിരുന്നതായി സാക്ഷി മൊഴികളും ക്ലബിലെ സി സി ടിവി ദൃശ്യങ്ങളും വ്യക്തമാക്കുന്നതായി ഗോവ പൊലീസ് ഐ ജി ഓംവീര്‍ സിങ് ബിഷ്ണോയ് പറഞ്ഞു. പ്രതികളിലൊരാള്‍ സൊണാലിയ്ക്കു എന്തോ ഒരു വസ്തു ബലമായി നല്കുന്നതു വീഡിയോയിലുണ്ട്. ഇക്കാര്യം ചോദിച്ചപ്പോള്‍ ദ്രാവകരൂപത്തിലുള്ള ദ്രോഹകരമായ രാസവസ്തു നല്‍കിയതായി സുധീര്‍ സാങ്വാനും സുഖ്വീന്ദര് സിങ്ങും പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് സൊണാലിയ്ക്കു നില നഷ്ടമാകുകയും ഇരുവരും നടിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. സൊണാലിക്കു ദ്രാവകരൂപത്തിലുള്ള എന്തോ ഒന്ന് കൊടുക്കുന്നതായി മറ്റൊരു ദൃശ്യത്തിലുണ്ടെന്നും ഐ ജി പറഞ്ഞു.
രാസവസ്തു വാട്ടര്‍ ബോട്ടിലില്‍ കലര്‍ത്തി സൊണാലിയെ കുടിപ്പിക്കുകയായിരുന്നുവെന്നാണു പൊലീസ് ഉദ്യോഗസ്ഥരില്‍നിന്നുള്ള വിവരം. സൊണാലിയുടെ സഹോദരന് റിങ്കു ധാക്ക നല്കിയ പരാതിയെത്തുടര്‍ന്നു വ്യാഴാഴ്ചയാണു അന്‍ജുന പൊലീസ് സ്റ്റേഷനില്‍ കൊലപാതകക്കുറ്റം ചുമത്തി എഫ് ഐ ആര് റജിസ്റ്റര്‍ ചെയ്തത്. പിന്നാലെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായും 24 മണിക്കൂറിനുള്ളില്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമെന്നും ഐ ജി ഇന്നു പറഞ്ഞു.
”പുലര്‍ച്ചെ 4.40ന്, നിയന്ത്രണം നഷ്ടപ്പെട്ട സൊണാലി ഫോഗട്ടിനെ പ്രതി അവളെ ബാത്ത്റൂമിലേക്കു കൊണ്ടുപോയി. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ അവിടെ ചെലവഴിച്ചു. ഇതിനു പ്രതി വിശദീകരണമൊന്നും നല്‍കിയിട്ടില്ല. പ്രതികള്‍ എന്താണു ചെയ്തതെന്നു കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമ്പോള്‍ പൊലീസ് കണ്ടെത്തും,” അന്‍ജുന പൊലീസ് സ്റ്റേഷനില്‍ ഐ ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഞ്ജുനയിലെ കുര്‍ലീസ് നിശാക്ലബില്നിന്ന് പ്രതികള്‍ സൊണാലി ഫോഗട്ടിനെ അവര്‍ താമസിച്ച ഹോട്ടലായ ഗ്രാന്‍ഡ് ലിയോണിയിലേക്കു കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. രാസപരിശോധനയിലൂടെ മാത്രമേ ഫോഗട്ടിനു നല്‍കിയതെന്നു പറയപ്പെടുന്ന ‘മയക്കുമരുന്ന്’ എന്താണെന്നു തിരിച്ചറിയാന്‍ കഴിയൂവെന്നും അത് എവിടെനിന്നാണ് വാങ്ങിയതെന്നു കസ്റ്റഡി ചോദ്യം ചെയ്യലില്‍ കണ്ടെത്തുമെന്നും ഐ ജി പറഞ്ഞു.
ഫോഗട്ടിനെ കൊലപ്പെടുത്തിയതിനു പിന്നിലെ പ്രതികളുടെ ഉദ്ദേശ്യം കണ്ടെത്താനായിട്ടില്ലെന്നും കുറ്റകൃത്യത്തിനു പിന്നിലെ സാമ്പത്തിക ലക്ഷ്യത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ഐ ജി പറഞ്ഞു. ലക്ഷ്യം സാമ്പത്തികമാണോ അതോ രാഷ്ട്രീയമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സൊണാലിയുടെ ശരീരത്തില്‍ ഒന്നിലധികം ചെറിയ മുറിവുകളുള്ളതായി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതു സൊണാലിയെ ബാത്ത്റൂമിലേക്ക് കൊണ്ടുപോകുന്നതിനിടെ സംഭവിച്ചതായിരിക്കാമെന്ന് ഐ ജി പറഞ്ഞു. ലൈംഗികാതിക്രമം നടന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.