scorecardresearch

എന്തടിസ്ഥാനത്തിലാണ് സര്‍ക്കാരിന്‍റെ ഉറപ്പുകളെ വിശ്വസിക്കുക ? പുതുവൈപ്പിന്‍വാസികള്‍ ചോദിക്കുന്നു

നൂറോ ഇരുന്നൂറോ എത്രപേരെ വേണേലും ജയിലിലടച്ചോളൂ. അവസാനശ്വാസംവരെയും തങ്ങളുടെ ആവശ്യത്തിനായുള്ള സമരം തുടരുകതന്നെ ചെയ്യും. പുതുവൈപ്പിന്‍കാര്‍ ഉറപ്പിച്ചു പറയുന്നു

എന്തടിസ്ഥാനത്തിലാണ് സര്‍ക്കാരിന്‍റെ ഉറപ്പുകളെ വിശ്വസിക്കുക ? പുതുവൈപ്പിന്‍വാസികള്‍ ചോദിക്കുന്നു

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പാചകവാത ക സംഭരണി വരുന്നതിനെതിരായ സമരം നാലുമാസം പിന്നിടുമ്പോള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസ് നടത്തിയ തേര്‍വാഴ്ച്ചയുടെ ഭീതിയിലാണ് ജനത. പതിനാലാം തീയ്യതി ബുധനാഴ്ച നടന്ന പൊലീസ് ലാത്തിചാര്‍ജ്ജില്‍ കുട്ടികളടക്കം നൂറോളം പേര്‍ക്കാണ് പരുക്കേറ്റത്. ഇതിനെ തുടര്‍ന്ന് സമരസമിതിയും സര്‍ക്കാരുമായി നടന്ന സന്ധി സംഭാഷണത്തില്‍ ജൂലൈ നാലാം തീയ്യതി വരെ ഐഒസി യുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും, പൊലീസിനെ പിന്‍വലിക്കുകയും സമരക്കാര്‍ക്കെതിരെയെടുത്തിട്ടുള്ള കേസുകള്‍ ഒഴിവാക്കുകയും ചെയ്യും, ജൂണ്‍ 22നു പുതുവൈപ്പിനില്‍ എത്തിച്ചേരുന്ന നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി  പുതുവൈപ്പിനില്‍ എല്‍പിജി സംഭരണകേന്ദ്രം നിര്‍മിക്കുന്നതിലുള്ള പ്രശ്നങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും പഠനം നടത്തും എന്നീ ഉറപ്പുകള്‍ ലഭിച്ചിരുന്നു.

എന്നാല്‍ ഈ ഉറപ്പുകളെയൊക്കെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള മലക്കംമറച്ചിലിനാണ് തങ്ങള്‍ സാക്ഷ്യം വഹിച്ചത്.  ഇന്ന് രാവിലെ ഐഒസി യില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കണ്ട നാട്ടുകാര്‍ അത് ചോദ്യം ചെയ്യാന്‍ ചെല്ലുകയായിരുന്നു. പോലീസുമായി വാഗ്വാദം ഉണ്ടാവുന്നതിനിടയില്‍ കമ്പനിക്കകത്ത് നിന്നും നിര്‍മാണതൊഴിലാളികള്‍ തന്നെയാണ് പോലീസിനുനേരെ കല്ലെറിഞ്ഞത് എന്നാണു സമരക്കാരുടെ ആരോപണം. “അവരുടെ ജീപ്പില്‍ തന്നെയാണ് ആ തൊഴിലാളികളെ ഉള്ളിലെത്തിച്ചത്. അവരെക്കൊണ്ട് കല്ലെറിയിപ്പിച്ചിട്ട് ഞങ്ങള്‍ക്ക് അടി വാങ്ങി തന്നു ” ഒരു നാട്ടുകാരന്‍ ഐഇ മലയാളത്തോട് പറഞ്ഞു. ഐഒസി കൊമ്പൗണ്ടിലുള്ള തൊഴിലാളികള്‍ക്കെതിരായ പ്രതിഷേധം വ്യാപകമായിരുന്നു. അത് സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥയും നിലനിര്‍ത്തി.

Read More : നെഞ്ചിലൂടെ കയറിയിറങ്ങട്ടെ വികസനം!

“രാവിലെ നടന്ന ലാത്തിച്ചാര്‍ജിനു ശേഷം നൂറിനു മുകളില്‍ നാട്ടുകാരാണ് മുട്ടത്തും ഞാറയ്ക്കലും പൊലീസ് സ്റ്റേഷനിലായുള്ളത്. ഞങ്ങള്‍ ആരും തന്നെ തത്കാലം ജാമ്യം എടുക്കുന്നില്ല എന്ന തീരുമാനത്തിലാണ്. എത്രപേരെയാണ് അവര്‍ അറസ്റ്റ്ചെയ്തു വെക്കുക എന്ന് കാണട്ടെ. ഈ സമരത്തെ അങ്ങനെ അടിചൊതുക്കാം എന്ന് ആരും കരുതേണ്ട” ഞാറക്കലില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന സേവ്യര്‍ പറഞ്ഞു.

മുമ്പൊന്നും കാണാത്ത ജനപ്രവാഹത്തിനാണ് പുതുവൈപ്പിനിലെ പ്രതിഷേധം ഞായറാഴ്ച  സാക്ഷ്യം വഹിച്ചത് എന്നാണു നാട്ടുകാര്‍ പറയുന്നത്. ഉച്ചകഴിഞ്ഞ് പ്രതിഷേധവുമായി ആദ്യം എത്തിയത് ബിജെപി ആയിരുന്നു. “ജനകീയ സമരസമിതി എന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ സമരത്തിനു ഇത്രയും നാള്‍ പാര്‍ട്ടിയുടെ പിന്തുണ ഉണ്ടായിരുന്നു. പക്ഷെ ഇനി ബിജെപി കൊടി നാട്ടിക്കൊണ്ടായിരിക്കും ഇവിടെ സമരം നടക്കുക” എന്നാണു യുവമോര്‍ച്ച ജില്ലാ നേതാവ് പ്രഖ്യാപിച്ചു. ശേഷം പിണറായി വിജയന്‍റെ കോലം കത്തിക്കുകയും ചെയ്തു.

“ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പോലുള്ളൊരു സംവിധാനത്തെ ബിജെപിയ്ക്ക് കേന്ദ്രത്തിലുള്ള സ്വാധീനം ഉപയോഗിച്ച് ഇവിടെനിന്നും ഒഴിവാക്കാവുന്നതേയുള്ളൂ. എന്നിട്ട് ജനകീയ സമരത്തില്‍ കൊടിയും പരസ്യപ്പെടുത്തിവരുന്നത് ഒരേസമയം അപഹാസ്യവും സമരം ഹൈജാക്ക് ചെയ്യാനുള്ള ശ്രമവുമാണ് ” എന്നാണു ബിജെപി സാന്നിദ്ധ്യത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ സമരസമിതി ഭാരവാഹികളിലോരാള്‍ പ്രതികരിച്ചത്.
പിന്നീട് ഇടതുപക്ഷ യുവജനസംഘടനയായ എഐവൈഎഫ് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയും പൊലീസ് ലാത്തിവീശുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ ജില്ലാപഞ്ചായത്ത്‌ അംഗവും എഐവൈഎഫ് സംസ്ഥാന നേതാവുമായ എന്‍ അരുണിന്‍റെ തലയ്ക്ക് പരിക്കേറ്റു.

എ ഐ വൈ എഫ് പ്രതിഷേധം

പ്രകോപനപരമായി വന്ന ബിജെപിക്കെതിരെ മൃദുസമീപനം സ്വീകരിക്കുകയും അതേസമയം ഇടതുപക്ഷ യുവജനസംഘടനയുടെ പ്രതിനിധികള്‍ക്കെതിരെ കാടത്തം അഴിച്ചുവിടുകയും ചെയ്ത പൊലീസിന്‍റെ താത്പര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഭരണത്തിലുളള എൽ​ ഡി എഫിലെ പ്രധാന ഘടകകക്ഷിയായ സി  പി ഐയുടെ യുവജന സംഘടനയായ എ ഐ​ വൈ​എഫ് ആണ് സർക്കാരിന്റെ പൊലീസ് നയത്തിനെതിരെ പ്രതിഷേധവുമായി ഇവിടെ രംഗത്തെത്തിയത്.

“ഈ കുറച്ചുദിവസങ്ങളായി ഇവിടെ നടക്കുന്നത് ഭീകരതയാണ്. ആണുങ്ങളെയൊക്കെ പൊലീസ് പിടിച്ചുകൊണ്ടുപോയി, സമരപന്തല്‍ അടിച്ചുപൊളിച്ചു, പന്തലില്‍ ഇരുന്ന ഞങ്ങളുടെ ചട്ടിയും കലവും കസേരകളുമൊക്കെ പൊലീസുകാര്‍ എടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി വച്ചിരിക്കുകയാണ്. പോരാത്തതിനു ഈ പൊളിയാനായ, മഴയ്ക് വെള്ളം കയറുന്ന ഉറപ്പില്ലാത്ത വീടുകളില്‍ പോയി വാതിലിലും ചുമരിലുമൊക്കെ അടിച്ച് സ്ത്രീകളെ പേടിപ്പിക്കുകയാണ്. പതിനൊന്നിലും പന്ത്രണ്ടിലും പഠിക്കുന്ന മക്കളോട് പോലീസുകാര്‍ പറയുന്നത് ‘നീയൊക്കെ പഠിച്ച് ഉദ്യോഗത്തിലെത്തുന്നത് ഞങ്ങളൊന്നു കാണട്ടെ’ എന്നൊക്കെയാണ്. ഞങ്ങള്‍ ജീവിക്കാനാണ് ഇവിടെ സമരം ചെയ്യുന്നത്. ഇവരൊക്കെ പോലീസോ കാട്ടുകള്ളന്മാരോ ? ” എണ്‍പത് വയസ്സ് കഴിഞ്ഞ സ്റ്റെല്ല ചോദിക്കുന്നു.

umman chandi, hibi edan, vd satheeshan
വി ഡി സതീശന്‍, ഹൈബി ഈഡന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ സമരവേദിയില്‍

തങ്ങള്‍ ഇതുകൊണ്ടൊന്നും തളരില്ല എന്നാണു വൈപ്പിന്‍കാര്‍ക്ക് പറയാനുള്ളത്. നൂറോ ഇരുന്നൂറോ എത്രപേരെ വേണേലും ജയിലിലടച്ചോളൂ. അവസാനശ്വാസംവരെയും തങ്ങളുടെ ആവശ്യത്തിനായുള്ള സമരം തുടരുകതന്നെ ചെയ്യും. പുതുവൈപ്പിന്‍കാര്‍ ഉറപ്പിച്ചു പറയുന്നുണ്ട്. വൈകുന്നേരം കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്‍, വിഡി സതീശന്‍, ഡൊമിനിക്ക് പ്രസന്‍റെഷന്‍ എന്നിവരും സമരപന്തലില്‍ എത്തി ഐക്യദാര്‍ഢ്യം അറിയിച്ചു.

“ജൂണ്‍ ഇരുപത്തിരണ്ടിനു നിയമസഭയുടെ പരിസ്ഥിതി സമിതി വരുന്നത് വരെ ഐഓസിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും എന്നാണു മുഖ്യമന്ത്രി ഇപ്പോള്‍ ഉറപ്പു തന്നിരിക്കുന്നത്. പക്ഷെ ഞങ്ങളുടെ ആവശ്യം ഇത് എക്കാലത്തേക്കുമായി നിര്‍ത്തിവെക്കുക എന്നതാണ്. വിഷം ശ്വസിച്ച് മരിക്കാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. അല്ലെങ്കിലും എന്തടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഇവരുടെ വാക്ക് വിശ്വസിക്കുക ? ” പുതുവൈപ്പിന്‍കാര്‍ ചോദിക്കുന്നു.

Read More : പുതുവൈപ്പില്‍ ‘ലാത്തിക്കരുത്ത്’ കാട്ടി പൊലീസ്; വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: On what basis should we trust the government asks people of puthuvypeen

Best of Express