ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ സുപ്രിംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും. മുത്തലാഖിന്റെ നിയമസാധുതയാണ് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത്. മുത്തലാഖിന്റെ നിയമസാധുത മാത്രമാണ് പരിശോധിക്കുകയെന്നും ഏകീകൃത സിവില്‍ നിയമം അടക്കമുള്ളവ ചര്‍ച്ച ചെയ്യില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമ മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദിനെ അമിക്കസ് ക്യൂറിയായി നിയമിക്കുന്നതിന് സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് ജെ. എസ്. കേഹര്‍, ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, എസ് കെ കൗള്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് അനുമതി. കേസില്‍ അദ്ദേഹത്തിന്റെ എഴുതിത്തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ ഫയല്‍ ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രാഥമിക വിവാഹമോചന നടപടികള്‍ പോലും സ്വീകരിക്കാതെ മുസ്ലിം സ്ത്രീകളെ ഉപേക്ഷിക്കുന്നെന്ന് ആരോപിച്ച് കേന്ദ്രം മുത്തലാഖ് നിരോധനത്തിന് മുറവിളി കൂട്ടുന്നുണ്ട്. കഴിഞ്ഞ മാസം ഒരു പൊതുപരിപാടിക്കിടെ പ്രധാനമന്ത്രിയും മുത്തലാഖിനെതിരായ നിലപാട് വ്യക്തമാക്കിയിരുന്നു. മുസ്ലിം സമൂഹത്തില്‍ നിന്നും പരിഷ്കര്‍ത്താക്കള്‍ കടന്നുവന്ന് ഈ പ്രശ്നത്തെ കൈകാര്യം ചെയ്യണമെന്നും മുത്തലാഖിനെ രാഷ്ട്രീയവത്കരിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ