ന്യൂഡൽഹി: റാഫേൽ ഇടപാടിൽ മോദി സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ ശിവസേനയ്ക്ക് പിന്നാലെ പ്രതിപക്ഷ നിരയ്ക്ക് ശക്തി പകർന്ന് ജനതാദൾ യു രംഗത്ത്. മുത്തലാഖ് ബില്ലിലാണ് മുന്നണിക്ക് വിരുദ്ധമായ നിലപാട് ബിഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാർ സ്വീകരിച്ചത്. തിരക്കിട്ടാണ് ബിജെപി ഈ ബിൽ സഭയിൽ അവതരിപ്പിക്കുന്നതെന്ന് ജെഡിയു വ്യക്തമാക്കി. കൂടുതൽ വിശദമായ ചർച്ച മുന്നണിക്കകത്ത് ആവശ്യമായിരുന്നുവെന്ന് പാർട്ടി വക്താവ് കൂടിയായ മുതിർന്ന നേതാവ് വസിഷ്ഠ നാരായണനാണ് പറഞ്ഞത്.

ഇതോടെ എൻഡിഎ കൂടുതൽ സമ്മർദ്ദത്തിലായി. രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ തന്നെ മറ്റ് കക്ഷികളുടെ കൂടി പിന്തുണയുണ്ടെങ്കിലേ ബിജെപിക്ക് ബിൽ വിജയിപ്പിക്കാനാവൂ. എന്നാൽ ഇതാണ് ഇപ്പോൾ കൂടുതൽ പ്രതിസന്ധിയിലായത്. റാഫേൽ യുദ്ധ വിമാനക്കരാറുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ചർച്ചയിലാണ് സഭയിൽ ശിവസേന  സ്വന്തം മുന്നണിയെയും സർക്കാരിനെയും സമ്മർദ്ദത്തിലാക്കുന്ന നിലപാട് സ്വീകരിച്ചത്.

ബിഹാറിൽ 16 ശതമാനം മുസ്‌ലിങ്ങളാണ് ഉളളത്. ഇവർ പരമ്പരാഗതമായി ലാലു പ്രസാദ് യാദവിന്റെ ആർജെഡിക്ക് വോട്ട് ചെയ്യുന്നവരാണ്. ഈ വോട്ട് അനുകൂലമാക്കിയെടുക്കാനാണ് നിതീഷ് കുമാറിന്റെ നീക്കം. അതേസമയം, എല്ലാവർക്കും അവരുടെ സ്വാതന്ത്ര്യം വോട്ട് ചെയ്യുന്നതിലുണ്ടെന്നാണ് ഈ തീരുമാനത്തെ കുറിച്ച് ബിജെപിയുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook