അഹമ്മദാബാദ്: അജ്മീർ ദർഗ സ്ഫോടനക്കേസിൽ പിടിയിലായ മലയാളി സുരേഷ് നായരെ തേടി തീവ്രവാദ വിരുദ്ധ സ്ക്വാഡ് അലഞ്ഞത് ചില്ലറക്കാലമല്ല. നീണ്ട പതിനൊന്ന് വർഷമായിരുന്നു. മൂന്ന് പേരുടെ മരണത്തിനും 17 പേർക്ക് പരിക്കേൽക്കാനും കാരണമായ അജ്മീർ ദർഗ സ്ഫോടനക്കേസിൽ മുഖ്യപ്രതികളിലൊരാളാണ് സുരേഷ് നായർ.
ആർഎസ്എസിന്റെ സജീവ പ്രചാരകനായിരുന്ന സുരേഷ് നായർ ആക്രമണത്തിന്റെ ഭാഗമായത് ഈ ബന്ധത്തിലൂടെ തന്നെയാണ്. സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആർഎസ്എസ് നേതാവ് സുനിൽ ജോഷി പിന്നീട് കൊല്ലപ്പെട്ടിരുന്നു. ദുരൂഹസാഹചര്യത്തിലുണ്ടായ മരണത്തിന്റെ യഥാർത്ഥ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
രാജ്യത്തിന് നാണക്കേടായ ഈ സ്ഫോടനക്കേസിൽ തീവ്രവാദിയായ സുരേഷ് നായരെ പിടികൂടാൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി പ്രഖ്യാപിച്ചത് 2 ലക്ഷം രൂപ പ്രതിഫലമായിരുന്നു. കേസിൽ പിടിയിലായ മുൻ ആർഎസ്എസ് പ്രചാരകരായ ഭവേഷ് പട്ടേൽ, ദേവേന്ദ്ര ഗുപ്ത എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
അജ്മീർ ദർഗ സ്ഫോടന കേസിൽ തന്റെ പേര് അന്വേഷണ സംഘത്തിന്റെ പ്രതിപ്പട്ടികയിൽ ഉണ്ടെന്ന് വ്യക്തമായതോടെയാണ് സുരേഷ് നായർ ഒളിവിൽ പോയത്. പിന്നീട് ഉദയ് ഗുരുജി എന്ന നാമം സ്വീകരിച്ച സുരേഷ് നായർ പിന്നീട് സന്യാസ ജീവിതം നയിക്കുകയായിരുന്നു.
അജ്മീർ ദർഗയിൽ സ്ഫോടനം നടത്താനുളള ബോംബ് നൽകിയത് സുരേഷ് നായരാണെന്നാണ് കണ്ടെത്തൽ. ദർഗയ്ക്ക് അകത്ത് ബോംബ് സ്ഥാപിക്കുമ്പോൾ സുരേഷ് നായരും അവിടെയുണ്ടായിരുന്നു.
ചെറുപ്പത്തിലേ ഗുജറാത്തിൽ വളർന്ന സുരേഷ് നായർ കോഴിക്കോട് സ്വദേശിയാണ്. ഇയാൾ ഗുജറാത്തിലെ ബറൂച്ചിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്നു സുരേഷ് നായർ. ഇയാൾക്ക് ഹിന്ദു മത സംഘടനകളുമായി വേറെയും ബന്ധങ്ങളുണ്ടായിരുന്നു.
എൻഐഎ യുടെ കൊടുംകുറ്റവാളികളുടെ പട്ടികയിൽ “മോസ്റ്റ് വാണ്ടഡ്” എന്നാണ് സുരേഷ് നായരെ രേഖപ്പെടുത്തിയിരുന്നത്. നീണ്ട 11 വർഷം അജ്മീർ ദർഗ സ്ഫോടനക്കേസിൽ അന്വേഷണ സംഘത്തെ വെളളം കുടിപ്പിച്ചയാളാണിയാൾ.
ബറൂച്ചിൽ സംഘടിപ്പിച്ച ഷുകൽതീർത്ഥ് മേളയ്ക്കിടെ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനിടെയാണ് സുരേഷ് നായരെ പിടികൂടിയത്. സുരേഷ് ഇവിടെ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് വളരെ നേരത്തെ തന്നെ പൊലീസ് മനസിലാക്കിയിരുന്നു.
“രണ്ട് ദിവസം മുൻപാണ് സുരേഷ് നായർ ഇവിടെയെത്തിയത്. അയാളെ നിരീക്ഷിക്കാൻ പൊലീസിന്റെ ഒരു സംഘം ഉണ്ടായിരുന്നു. നീട്ടിവളർത്തിയ താടിയും മുടിയുമായിരുന്നു അയാൾക്ക് ഉണ്ടായിരുന്നത്. കണ്ടാൽ സുരേഷ് നായരാണെന്ന് തിരിച്ചറിയാത്ത നിലയിലായിരുന്നു അപ്പോൾ.” അന്വേഷണ സംഘത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“പക്ഷെ ഞങ്ങളുടെ പക്കൽ സുരേഷിന്റെ ഇപ്പോഴത്തെ രൂപം എങ്ങിനെ ആയിരിക്കും എന്നതിന്റെ ഒരു രേഖാചിത്രം ഉണ്ടായിരുന്നു. ഇതായിരുന്നു അറസ്റ്റിന് സഹായിച്ചത്.” അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ ചോദ്യം ചെയ്യലിനായി ബറൂച്ചിൽ നിന്നും സുരേഷ് നായരെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.