ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിലും ചർച്ചകളിലും പ്രധാന വിഷയമാകുന്നത് ഭരണഘടനയാണ്. പ്രത്യേകിച്ച് ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് വ്യക്തമാക്കുന്ന അതിന്റെ ആമുഖമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പല പ്രതിഷേധങ്ങളും ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടുമായിരുന്നു. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപബ്ലിക് ദിനത്തിൽ ഭരണഘടന സമ്മാനമായി നൽകിയിരിക്കുകയാണ് കോൺഗ്രസ്.

71-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കോൺഗ്രസ് അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഇങ്ങനെ ട്വീറ്റ് ചെയ്തിരിക്കുന്നു. “പ്രിയപ്പെട്ട പ്രധാനമന്ത്രി, രാജ്യത്തിന്റെ ഭരണഘടന ഉടൻ നിങ്ങളിലെത്തും. രാജ്യം വിഭജിക്കുന്നതിനിടയിൽ സമയം കിട്ടുകയാണെങ്കിൽ അതൊന്ന് വായിച്ചു നോക്കണം.” ഇതോടൊപ്പം ആമസോണിൽ ഭരണഘടന ഓർഡർ ചെയ്തതിന്റെ സ്ക്രീൻഷോട്ടും പങ്കുവച്ചിരിക്കുന്നു. ഡൽഹിയിലെ സെൻട്രൽ സെക്രട്ടറിയേറ്റിന്റെ ഇ ബ്ലോക്കിലേക്കാണ് ഓർഡർ ചെയ്തിരിക്കുന്നത്.

മറ്റൊരു ട്വീറ്റിൽ നിയമത്തിന് മുന്നിൽ എല്ലാവർക്കും തുല്യത അവകാശം നൽകുന്ന ഭരണഘടനയുടെ 14-ാം ആർട്ടിക്കിൾ ബിജെപി ലംഘിച്ചതായും കോൺഗ്രസ് ആരോപിച്ചു. “ഭരണഘടനയുടെ 14-ാം ആർട്ടിക്കിൾ എല്ലാവർക്കും ലിംഗ, മത, ജാതിക്കപ്പുറം തുല്യ നീതി ഉറപ്പാക്കുന്നതാണെന്ന് മനസിലാക്കാൻ ബിജെപി പരാജയപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിലൂടെ ഈ അവകാശമാണ് കേന്ദ്ര സർക്കാർ ലംഘിച്ചത്.”

Read Also: പൗരത്വ ഭേദഗതി നിയമം: വിദേശരാജ്യങ്ങളിലും ഇന്ത്യക്കാരുടെ പ്രതിഷേധം

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തിനു പുറത്തും ശക്തമാവുകയാണ്. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യ റജിസ്റ്റര്‍ എന്നിവയില്‍ പ്രതിഷേധിച്ച് യൂറോപ്പിലും അമേരിക്കയിലും ഇന്ത്യക്കാർ പ്രകടനം നടത്തി. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ അലയടിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook