ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് അഹങ്കാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന രാഹുലിന്റെ പ്രസ്താവന അഹങ്കാരമാണെന്ന് പറഞ്ഞ മോദി, രാഹുല്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ളവര്‍ക്ക് അവസരം നിഷേധിക്കുകയാണെന്നും പറഞ്ഞു.

‘എല്ലാവരേയും തള്ളിമാറ്റി സ്വയം മുന്നോട്ട് കയറി വരികയായിരുന്നു അയാള്‍. അതും ഒരുപാട് അനുഭവമുള്ളവരുള്ളപ്പോള്‍. ഒരാള്‍ക്ക് എങ്ങനെയാണ് സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിക്കാന്‍ കഴിയുക. ഇത് വെറും അഹങ്കാരം മാത്രമാണ്,” മോദി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു 2019 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന് രാഹുല്‍ പറഞ്ഞത്. ഇതാദ്യമായാണ് രാഹുല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതിനെ കുറിച്ച് പ്രതികരിക്കുന്നത്.

കോണ്‍ഗ്രസിനെ യാത്രയാക്കുക എന്നത് കർണാടകയുടെ ഉത്തരവാദിത്വമാണെന്നും മോദി പറഞ്ഞു. ”കർണാടകയോട് വിട പറയാന്‍ കോണ്‍ഗ്രസിന് സമയമായി. രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പിലും അവര്‍ തോറ്റു കൊണ്ടിരിക്കുകയാണ്.” മോദി പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസ് ആറ് ‘സി’കള്‍ കൊണ്ടു വന്നെന്നും അതാണ് രാജ്യത്തെ തകര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”കോണ്‍ഗ്രസ് രാജ്യത്ത് കൊണ്ടു വന്നതും അവര്‍ നിലനില്‍ക്കുന്നതും ആറ് സികള്‍ക്ക് വേണ്ടിയാണ്. കോണ്‍ഗ്രസ് സംസ്‌കാരം, കമ്മ്യൂണലിസം, കാസ്റ്റിസം, ക്രൈം, കറപ്ഷന്‍, കോണ്‍ട്രാക്ട് സിസ്റ്റം” എന്നായിരുന്നു മോദി പറഞ്ഞത്. കർണാടകയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ മാസം 12-ാം തീയതിയാണ് കർണാടകയിലെ തിരഞ്ഞെടുപ്പ്.

കോണ്‍ഗ്രസിനായി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രചരണ രംഗത്തുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രചാരണ രംഗത്തുണ്ട്. മോദിയ്ക്ക് ഒപ്പം ബിജെപി അധ്യക്ഷന്‍ അമിത് ഷാ ബിജെപിയ്ക്കായി രംഗത്തുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ