ന്യൂഡൽഹി: ടൂർണമെന്റുകൾക്കിടയിലും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) ഓഫീസിൽവച്ചും ലൈംഗിക അതിക്രമത്തിന്റെയും മോശം പെരുമാറ്റത്തിന്റെയും നിരവധി സംഭവങ്ങളാണ് നടന്നത്. ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പരാതി നൽകിയ ഏഴു താരങ്ങളിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരുടെ പരാതിയിൽ ഈ സംഭവങ്ങളെല്ലാം വിവരിച്ചിട്ടുള്ളതായി ദി ഇന്ത്യൻ എക്സ്പ്രസ് മനസിലാക്കി.
ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ ഏപ്രിൽ 21 ന് നൽകിയ രണ്ടു പരാതികളിൽ കുറഞ്ഞത് എട്ടു സംഭവങ്ങളെങ്കിലും വിവരിച്ചിട്ടുണ്ട്. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന സിങ് തങ്ങളെ മോശമായ രീതിയിൽ സ്പർശിച്ചതെങ്ങനെയെന്ന് പരാതിക്കാരായ രണ്ടുപേരും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ദി ഇന്ത്യൻ എക്സ്പ്രസിന് വിവരം ലഭിച്ചു. ഗുസ്തി ഫെഡറേഷനിലുള്ള സിങ്ങിന്റെ സ്വാധീനവും അദ്ദേഹം തങ്ങളുടെ കരിയർ നശിപ്പിക്കുമെന്ന ഭയവും മൂലമാണ് ഇതിനെക്കുറിച്ച് മുൻപ് പറയാതിരുന്നതെന്ന് പരാതിയിൽ പറഞ്ഞിട്ടുണ്ട്.
ഒരു ഗുസ്തി താരത്തിന്റെ പരാതിയിൽ സിങ്ങിൽനിന്നും നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ അഞ്ചു സംഭവങ്ങളെങ്കിലും പറഞ്ഞിട്ടുണ്ട്. 2016 ലെ ടൂർണമെന്റിനിടെ റസ്റ്ററന്റിൽ വച്ചായിരുന്നു ഒരു സംഭവം. തന്നോടൊപ്പം ടേബിളിൽ ഇരിക്കാൻ ആവശ്യപ്പെട്ടതിനുശേഷം സിങ് പെൺകുട്ടിയുടെ മാറിടത്തിലും വയറിലും സ്പർശിച്ചു. ഈ സംഭവത്തിനുശേഷം തനിക്ക് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞിരുന്നില്ലെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. 2019 ൽ മറ്റൊരു ടൂർണമെന്റിനിടയിലും സിങ് ഒരിക്കൽ കൂടി തന്റെ മാറിടത്തിലും വയറിലും സ്പർശിച്ചതായി പെൺകുട്ടി പറഞ്ഞിട്ടുണ്ട്.
ന്യൂഡൽഹിയിലെ അശോക റോഡിലുള്ള സിങ്ങിന്റെ 21 ബംഗ്ലാവിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഡബ്ല്യുഎഫ്‌ഐ ഓഫീസിലേക്ക് രണ്ടു ദിവസം വിളിച്ചുവരുത്തുകയും മോശമായ രീതിയിൽ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു. ആദ്യ ദിവസം തന്റെ സമ്മതമില്ലാതെ സിങ് തുടയിലും തോളിലും സ്പർശിച്ചുവെന്നും രണ്ട് ദിവസത്തിന് ശേഷം ഡബ്ല്യുഎഫ്ഐ ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും, അവിടെവച്ച് ശ്വാസം പരിശോധിക്കാനെന്ന വ്യാജേന മാറിടത്തിൽ സ്പർശിക്കുകയും വയറിൽ കൈ വയ്ക്കുകയും ചെയ്തതായി പെൺകുട്ടി പരാതിയിൽ പറയുന്നു. 2018-ൽ, ഒരു ടൂർണമെന്റിനിടെ, സിങ് ഏറെനേരം തന്നെ മുറുകെ കെട്ടിപ്പിടിച്ചതായും പരാതിയിലുണ്ട്.
2018-ൽ വാമിങ് അപ് ചെയ്യുന്നതിനിടെ തന്റെ സമ്മതമില്ലാതെ സിങ് തന്റെ ജേഴ്‌സി ഉയർത്തിയശേഷം ശ്വാസം പരിശോധിക്കണമെന്ന് പറഞ്ഞ് മാറിടത്തിലും വയറിലും സ്പർശിച്ചുവെന്ന് രണ്ടാമത്തെ പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഇത് തന്നെ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
ഒരു വർഷത്തിനുശേഷം ഫെഡറേഷൻ ഓഫിസിൽവച്ചായിരുന്നു രണ്ടാമത്തെ സംഭവം. ഓഫിസിൽ എത്തിയതും അവിടെയുള്ള മറ്റുള്ളവരോട് സിങ് പുറത്തേക്ക് പോകാൻ ആവശ്യപ്പെടുകയും തന്നെ അടുത്തേക്ക് വലിച്ചു നിർത്തി ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു. അവിടെവച്ച് നമ്പറുകൾ കൈമാറുകയും ചെയ്തു.
സിങ്ങിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് ചോദിക്കാൻ രണ്ടു ഗുസ്തി താരങ്ങളെയും സമീപിച്ചെങ്കിലും പ്രതികരിക്കാൻ രണ്ട് പേരും വിസമ്മതിച്ചു. നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സിങ്ങിന്റെ പ്രതികരണവും ലഭിച്ചില്ല.