ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭഗവത് സ്ഥാനാർത്ഥിയാകില്ലെന്ന് ഉറപ്പിച്ചു. ഇക്കാര്യം ബിജെപി നേതൃത്വത്തോട് തുറന്ന് ചോദിച്ച സിപിഐക്ക്, അദ്ദേഹം മത്സരിക്കില്ലെന്ന് ബിജെപി തന്നെയാണ് മറുപടി നൽകിയത്.

തീവ്ര ആർഎസ്എസ് നിലപാടുള്ള ഒരാളെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിർദ്ദേശിക്കരുതെന്നാണ് സിപിഐ ഇന്നലെ കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡുവിനോടും രാജ്‌നാഥ് സിംഗിനോടും ആവശ്യപ്പെട്ടത്. ബിജെപി സ്ഥാനാർത്ഥിയെ നിശ്ചയിക്കാത്ത സാഹചര്യത്തിൽ മോഹൻ ഭാഗവതിനെ പരിഗണിക്കുന്നുണ്ടോയെന്ന് സിപിഐ ആരാഞ്ഞു.

ഇല്ലെന്നാണ് രണ്ട് കേന്ദ്രമന്ത്രിമാരും മറുപടി നൽകിയതെന്ന് പിന്നീട് സിപിഐ ദേശീയ നേതാക്കൾ വ്യക്തമാക്കി. മതേതരവാദിയും ഉദാരമനോഭാവവുമുള്ള ഒരാളെ മാത്രമേ രാഷ്ട്രപതി സ്ഥാനത്തേക്ക് നിർദ്ദേശിക്കാവൂവെന്നാണ് സിപിഐ കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ്, ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവവതി എന്നിവരുമായി കേന്ദ്രമന്ത്രിമാർ ചർച്ച നടത്തിയിരുന്നു. ഇവരോടൊന്നും ആരാകും സ്ഥാനാർത്ഥിയെന്ന കാര്യം കേന്ദ്രമന്ത്രിമാർ വ്യക്തമാക്കിയിരുന്നില്ല.

സിപിഐ യോടും ഇക്കാര്യത്തിൽ ബിജെപി പട്ടികയിലെ പേരുകൾ വെളിപ്പെടുത്തിയില്ലെങ്കിലും അവർ ഇത് സംബന്ധിച്ച് ചോദിക്കുകയായിരുന്നു. തീവ്ര ഹിന്ദുത്വ വാദികളായ ആരെയും അംഗീകരിക്കില്ലെന്ന് ബിജെപിയോട് പറഞ്ഞിട്ടുണ്ടെന്ന് സിപിഐ നേതാവ് എസ്.സുധാകർ റെഡ്ഡി പറഞ്ഞു. രാഷ്ട്രപതി സ്ഥാനത്തേക്ക് ഐകകണ്ഠേനയാണ് ആളെ തിരഞ്ഞെടുക്കേണ്ടതെന്ന സിപിഐ നയവും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ