ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 68-ാം ജന്മദിനം കേന്ദ്രമന്ത്രിമാര്‍ ആഘോഷിച്ചത് 568 കിലോ ഭാരമുള്ള ലഡ്ഡുവുമായാണ്. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവേദ്കറും മുക്താര്‍ അബ്ബാസ് നഖ്‌വിയുമാണ് ഭീമന്‍ ലഡ്ഡുവുമായെത്തിയത്. സുലഭ് ഇന്റര്‍നാഷണല്‍ സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപാടിയിലാണ് ലഡ്ഡു അവതരിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ ജന്മദിനം ‘സ്വച്ഛതാ ദിവസ’മായി കൊണ്ടാടുകയാണെന്ന് പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. ‘കഴിഞ്ഞ നാലു വര്‍ഷമായി ശുചിത്വ പരിപാടികള്‍ രാജ്യത്ത് ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്,’ എന്നും അതിന് നേതൃത്വം നല്‍കിയത് പ്രധാനമന്ത്രിയാണെന്നും ജാവേദ്കര്‍ പറഞ്ഞു.

സ്വച്ഛ്താ ക്യാംപെയിന്റെ ഭാഗമായി രാജ്യത്ത് ഒമ്പത് കോടിയിലധികം ശൗചാലയങ്ങള്‍ പണിഞ്ഞു. 450 ലക്ഷം ഗ്രാമങ്ങളെ ശൗചാലയ സൗഹൃദ ഗ്രാമങ്ങളായി പ്രഖ്യാപിച്ചുവെന്നും ജാവേദ്കര്‍ വ്യക്തമാക്കി.

രാജ്യത്ത് 62 വര്‍ഷങ്ങളായി 30 ശതമാനം ശൗചാലയങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 90 ശതമാനമായി ഇതു കൂടിയിട്ടുണ്ടെന്നും ജാവേദ്കര്‍ അവകാശപ്പെട്ടു. ശൗചാലയങ്ങളുടെ നിര്‍മ്മാണം രാജ്യത്തെ സമഗ്ര വികസനങ്ങളിലൊന്നാണെന്ന് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും അഭിപ്രായപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ