2010-ല്‍ ലോകകപ്പിന് അനുമതി ലഭിച്ചശേഷം ഖത്തറിൽ വച്ച് ജീവൻ നഷ്ടപ്പെട്ടതു വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 40 തൊഴിലാളികൾക്ക്. ലോകകപ്പിന്റെ ചുമതലയുള്ള ഖത്തറിലെ ഔദ്യോഗിക സംഘടനയായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഇക്കാര്യം സ്ഥിരീകരിച്ചു. ഇതിൽ മൂന്നു മരണം മാത്രമാണ് ജോലിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
“ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ജീവിതം മെച്ചപ്പെടുത്തുകയും ന്യായവും സുസ്ഥിരവും ശാശ്വതവുമായ തൊഴിൽ പരിഷ്കാരങ്ങൾക്ക് അടിത്തറയിടുകയും ചെയ്യുന്ന ഒരു പാരമ്പര്യമാണുള്ളത്,” ലോകകപ്പുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്നതിനിടെ ഖത്തറിൽ മരിച്ച ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യൻ എക്‌സ്പ്രസ് ഇമെയിലിൽ അയച്ച ചോദ്യാവലിയോട് പ്രതികരിച്ചുകൊണ്ട് കമ്മിറ്റി പറഞ്ഞു.
2011-ലാണ് ലോകപ്പിനുള്ള എല്ലാ നിര്‍മാണ അടിസ്ഥാന സൗകര്യ പദ്ധതികളുടെ മേല്‍നോട്ടം വഹിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. തൊഴിലാളികളുടെ താമസ മാനദണ്ഡങ്ങൾ, ആരോഗ്യ-സുരക്ഷാ ചട്ടങ്ങൾ, പരാതികൾ, ആരോഗ്യ പരിരക്ഷാ വ്യവസ്ഥകൾ, നിയമവിരുദ്ധമായ റിക്രൂട്ട്‌മെന്റ് ഫീസ് റീഇംബേഴ്‌സ്‌മെന്റ് എന്നിവയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് കമ്മിറ്റി അവകാശപ്പെടുന്നത്.
എന്നാല്‍, ഇനിയും മെച്ചപ്പെടാനുണ്ടെന്നും അവര്‍ പറയുന്നു. “2014-ൽ ആദ്യമായി അവതരിപ്പിച്ച പട്ടികജാതി തൊഴിലാളികളുടെ ക്ഷേമ മാനദണ്ഡങ്ങളും ഞങ്ങളുടെ പദ്ധതികളില്‍ സംഭാവന ചെയ്യുന്ന എല്ലാ തൊഴിലാളികളുടെയും ജീവിതവും ആഗോള വ്യവസായ വിദഗ്‌ധരുമായി ചേർന്ന് മെച്ചപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്നതിനും എല്ലായ്‌പ്പോഴും സാധ്യതയുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു,” കമ്മിറ്റി പറഞ്ഞു.
ഒരു തൊഴിലാളിയുടെ മരണം റജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ, കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഖത്തറിൽ മരണമടഞ്ഞ തൊഴിലാളികളുടെ എണ്ണം, ജോലി ചെയ്യുന്ന പ്രായത്തിലുള്ള പുരുഷന്മാർ സ്വാഭാവികമായി മരിക്കുന്നതിന്റെ കാരണങ്ങൾ എന്നിവയെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് അതിന്റെ ചോദ്യാവലിയിൽ കമ്മിറ്റിയോട് ചോദിച്ചിരുന്നു. നഷ്ടപരിഹാരത്തിന്റേയും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കും കമ്മിറ്റി മറുപടി നല്‍കിയിട്ടില്ല.