ന്യൂഡൽഹി: പാർലമെന്റിൽ പാസാക്കിയ കാർഷിക ബിൽ ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകർക്കുള്ള സംരക്ഷണ കവചമാണ് കാർഷിക ബിൽ എന്നും പ്രധാനമന്ത്രി പറഞ്ഞു. കാർഷിക ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

“കർഷക ബിൽ കാലത്തിന്റെ ആവശ്യമാണ്. കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളാണ് ഇതെല്ലാം. ബിജെപി നടപ്പിലാക്കുന്നതാണ് കോൺഗ്രസിനെ അസ്വസ്ഥരാക്കുന്നത്. കർഷകർക്ക് പുതിയ സ്വാതന്ത്ര്യം നൽകുന്നതാണ് ഈ ബിൽ. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ കൂടുതൽ സാധ്യതകളും അവസരങ്ങളും ലഭിക്കും. എന്നാൽ, വർഷങ്ങളോളം രാജ്യം ഭരിച്ച കോൺഗ്രസ് കാർഷിക ബില്ലിന്റെ പേരിൽ കർഷകരെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണ്. കർഷകരോട് കോൺഗ്രസ് കള്ളം പറയുന്നു,” പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, ശക്തമായ പ്രതിഷേധങ്ങൾക്കിടെയാണ് ലോക്‌സഭയിൽ രണ്ട് കാർഷിക ബില്ലുകൾ പാസാക്കിയത്. കാർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എൻഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദളും ബില്ലിനെ എതിർത്തു. അകാലിദൾ മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചു. ഹർസിമ്രതിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.

ഹോമിയോപ്പതി സെൻട്രൽ കൗൺസിൽ (ഭേദഗതി) ബില്ലിന്റെ പേരിലും പ്രതിഷേധം ഉയർന്നു. ബിൽ അവതരിപ്പിച്ച ബിജെപിയുടെ ഡോ. സുധാൻഷു ത്രിവേദി “ഹോമിയോ മരുന്നുകളുടെ ഫലപ്രാപ്തിക്ക് ശാസ്ത്രീയ തെളിവുകളില്ലെന്ന് ചിലർ പറയുന്നു. ഹോമിയോപ്പതി രോഗത്തെ മാത്രമല്ല, രോഗിയേയും കേന്ദ്രീകരിച്ചുള്ള മരുന്നാണ്. ഇതിന്റെ പിന്നിലെ ശാസ്ത്രം ആർക്കും കാണാനാവില്ല.” ഇതിന്റെ സാധ്യതകളെ കുറിച്ച് നേരത്തെ ഇന്ത്യൻ വൈദ്യശാസ്ത്രം ആഴത്തിൽ പരിശോധിക്കാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

Read More: കാർഷിക ബില്ലുകൾക്കെതിരേ പ്രതിഷേധം: കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു

എന്നാൽ ഇതിനെ എതിർത്ത് പ്രതിപക്ഷം രംഗത്തെത്തി. ഹോമിയോപ്പതി കേന്ദ്രങ്ങളുടെ ഭീകരമായ അവസ്ഥയെക്കുറിച്ച് ടിഎംസി എംപി ശാന്തനു സെൻ രാജ്യസഭയിൽ പറഞ്ഞു.

“ഗോമൂത്രം കുടിക്കുന്നത് രോഗത്തെ സുഖപ്പെടുത്തുമെന്നും കോവിഡ്-19 മുക്തി നേടുമെന്നും പറയുന്ന സർക്കാരിൽ നിന്ന് കൂടുതൽ എന്ത് പ്രതീക്ഷിക്കാം? അവർ സ്വകാര്യ മെഡിക്കൽ കോളേജുകളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.”

ഇതേ ബില്ലിൽ സംസാരിച്ച ഒഡീഷയിൽ നിന്നുള്ള ബിജെഡി എംപി പ്രസന്ന ആചാര്യ ഹോമിയോപ്പതിയെ അനുകൂലിച്ചു.

“ഹോമിയോപ്പതി ഒരു പഴയ ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായമാണ്, ഇത് ദരിദ്രർക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നാണ്. അതിനാൽ നാം ഇതിനെ കൂടുതൽ പിന്തുണക്കേണ്ടതുണ്ട്.” എന്നിരുന്നാലും, ബില്ലിൽ പരിഗണിക്കാത്ത അധികാരങ്ങളും പ്രവർത്തനങ്ങളും കൃത്യമായി നിർണ്ണയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.

ആയുഷ് മന്ത്രാലയ ബജറ്റ് ഹോമിയോപ്പതിക്കായി നീക്കിവച്ചിരിക്കുന്ന തുക വളരെ ചെറുതാണെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് പരാതിപ്പെട്ടു.

Read in English: Parliament LIVE updates: On homeopathy bill, TMC says, ‘what can be expected from a govt that suggests cow urine to cure Covid’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook