വാഷിങ്ടൺ സിറ്റി: അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റതിന് മിന്നാലെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദ ഉത്തരവുകൾ തിരുത്തി ജോ ബൈഡൻ. കോവിഡ് മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി. ട്രംപിന്റെ പാരിസ്ഥിതിക അജണ്ട ബൈഡൻ തിരുത്തിയെഴുതി. കുടിയേറ്റ വിരുദ്ധ നയങ്ങൾ പിൻവലിച്ചു. മന്ദഗതിയിലുള്ള സാമ്പത്തിക ശക്തി ഉയർത്തുന്നതിനും സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ബൈഡൻ പ്രവർത്തനം ആരംഭിച്ചു.
മറ്റേതൊരു ആധുനിക പ്രസിഡന്റിലും ഇതുവരെ കണ്ടിട്ടില്ലാത്ത വേഗതയിലാണ് ബൈഡൻ പുതിയ ചുമതലകൾ ഏറ്റെടുക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ഓവൽ ഓഫീസിൽ നിന്ന് 17 ഉത്തരവുകളിൽ ഒപ്പിട്ടു. പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും അംഗമാകുകയും മുസ്ലിം, ആഫ്രിക്കൻ രാജ്യങ്ങൾക്കുള്ള ട്രംപിന്റെ യാത്രാ വിലക്ക് അവസാനിപ്പിക്കുകയും ചെയ്യുന്ന ഉത്തരവുകളാണ് പ്രസിഡന്റ് ആദ്യം ഒപ്പിട്ടത്.
കഴിഞ്ഞ നാല് വർഷങ്ങളിൽ ട്രംപ് നടത്തിയ നിർദ്ദിഷ്ടവും നിന്ദ്യവുമായ ‘പരിഷ്കാരങ്ങൾ’ തിരുത്തുക എന്നതു തന്നെയാണ് ഈ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്. മെക്സിക്കോ അതിര്‍ത്തിയിലെ മതില് നിര്‍മാണം മരവിപ്പിക്കും. കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കും. കുടിയേറ്റ വിലക്ക് നീക്കാനുള്ള ഉത്തരവില്‍ ജോ ബൈഡന് ഒപ്പിട്ടു. ആദ്യ ദിവസം തന്നെ വലിയ മാറ്റങ്ങള്‍ ആണ് ബൈഡന് കൊണ്ടുവരുന്നത്.
Read More: ജനാധിപത്യം മഹത്തരമെന്ന് ബൈഡൻ; ചരിത്രമെഴുതി കമല
ജനാധിപത്യത്തിന്റെ ദിനമെന്നാണ് തന്റെ സത്യപ്രതിജ്ഞ ദിനത്തെ ജോ ബൈഡന് വിശേഷിപ്പിച്ചത്. ജനാധിപത്യം അമൂല്യമെന്ന് അമേരിക്ക തെളിയിച്ചു. വെല്ലുവിളികളെ നേരിടാന്‍ താൻ തയ്യാറാണെന്നും വര്‍ണവിവേചനത്തിനും ആഭ്യന്തര ഭീകരതയ്ക്കുമെതിരെ നില കൊള്ളുമെന്നും ബൈഡൻ പ്രഖ്യാപിച്ചു. ഐക്യത്തിനുള്ള ആഹ്വാനമാണ് പ്രസംഗത്തിലുടനീളം ബൈഡൻ നൽകിയത്. താൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കുമെന്നും ജോ ബൈഡന് വ്യക്തമാക്കി.
“ജനാധിപത്യം വിജയിക്കും. പുതിയ ലോകം സാധ്യമാക്കാൻ അമേരിക്ക മുന്നിട്ടിറങ്ങും. അമേരിക്കൻ ഭരണഘടനയെ സംരക്ഷിക്കും. ഏറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത്. എല്ലാവരുടെയും പ്രസിഡന്റായിരിക്കും,”ബെെഡൻ പറഞ്ഞു.
തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിലെ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് ആണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്. 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ തൊട്ടായിരുന്നു സത്യപ്രതിജ്ഞ.
അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ആദ്യ കറുത്ത വംശജയും ഇന്ത്യൻ വംശജയുമാണ് കമല ഹാരിസ്.