കോണ്‍ഗ്രസ് അധ്യക്ഷനെ കാണാന്‍ ആഗ്രഹിച്ച 107കാരിക്ക് സര്‍പ്രൈസ് നല്‍കി രാഹുല്‍ ഗാന്ധി. ക്രിസ്മസ് ദിനത്തിലെ ജന്മദിനത്തിലാണ് രാഹുല്‍ ഇവര്‍ക്ക് സര്‍പ്രൈസ് നല്‍കിയത്. രാഹുലിനെ കാണാന്‍ മോഹമുളള കാര്യം കൊച്ചുമകളായ ദിപാലി സിക്കന്തിനോടാണ് ഇവര്‍ പറഞ്ഞത്.

ദിപാലി ഉടന്‍ തന്നെ ഇത് പരസ്യമാക്കുകയും ചെയ്തു. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ രാഹുലിന്റെ ഓഫീസിനെ ടാഗ് ചെയ്താണ് അമ്മൂമ്മ തന്നോട് അവരുടെ ആഗ്രഹം വെളിപ്പെടുത്തിയതായി ദിപാലി അറിയിച്ചത്. എന്തുകൊണ്ടാണ് രാഹുലിനെ കാണാന്‍ മോഹമെന്ന ചോദ്യത്തിന് ‘അദ്ദേഹം സുന്ദരനാണ്’ എന്നാണ് അമ്മൂമ്മ മറുപടി പറഞ്ഞതെന്നും ദിപാലി കുറിച്ചു.

ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ദിപാലിക്ക് രാഹുലിന്റെ മറുപടിയും ലഭിച്ചു. മുത്തശ്ശിയ്ക്ക് ജന്മദിനാശംസ നേര്‍ന്ന രാഹുല്‍ തന്റെ വകയായി നിറഞ്ഞൊരു ആലിംഗനവും നല്‍കാന്‍ ദിപാലിയോട് പറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ വൈകുന്നേരത്തോടെ ദിപാലി മറ്റൊരു ട്വീറ്റ് കൂടി ചെയ്തു. രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ച് മുത്തശ്ശിയ്ക്ക് ജന്മദിനാശംസ നേര്‍ന്നതായി ദിപാലി വെളിപ്പെടുത്തി.

വൈകിയാണ് ട്വിറ്ററിലെത്തിയെങ്കിലും കൃത്യമായ ട്വീറ്റുകളിലൂടെ രാഹുൽ ​ഗാന്ധി വളരെ പെട്ടെന്നാണ് ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടിയത്. അടുത്തകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാളും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനേക്കാളും റീട്വീറ്റ് ചെയ്യപ്പെട്ടത് രാഹുല്‍ ​ഗാന്ധിയുടെ ട്വീറ്റുകളാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ട്വിറ്ററിൽ പിന്തുടരുന്ന രണ്ട് പേരാണ് മോദിയും കേജ്‌രിവാളും. പ്രതികരണങ്ങളിലും ഈ നിമിഷത്തെ ഏറ്റവും ചൂടേറിയ വിഷയങ്ങളിൽ സംസാരിക്കുന്നതിലും കൂടുതൽ ആളുകളുടെ പങ്കാളിത്തം ഓൺലൈനിൽ ഉറപ്പിക്കുന്നതിലും തങ്ങൾ വേ​ഗത കൈവരിച്ചുവെന്ന് കോൺ​ഗ്രസിന്റെ സോഷ്യൽ മീഡിയ മേധാവി ദിവ്യ സ്പന്ദന പറയുന്നു. ജൂലൈ-മുതൽ സെപ്റ്റംബർ വരെയുള്ള സമയം കൊണ്ട് രാഹുലിന് 10 ലക്ഷം അനു​ഗാമികൾ വർദ്ധിച്ചെന്ന് കണക്കുകൾ പറയുന്നു. മുൻപ് പരിഹസിക്കപ്പെട്ട 47 കാരൻ ഇന്ന് ഇടിവെട്ടായി മാറുകയാണ്.

വാഷിങ്ടണിൽ വച്ച് ട്രംപിനെ ആലിം​ഗനം ചെയ്ത് മോദി തിരിച്ചെത്തിയ ഉടനെയായിരുന്നു പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റിന്റെ പോസ്റ്റ്. ഉടനെ വന്നു രാഹുലിന്റെ ട്വീറ്റ് മോദി ജി വേ​ഗമാവട്ടെ, പ്രസിഡന്റ് ട്രംപിനെ ഒന്നു കൂടെ കെട്ടിപ്പിടിക്കൂ എന്ന്. മോദി ട്രംപിനെ കെട്ടിപ്പിടിക്കുന്ന ചിത്രം അടക്കം പോസ്റ്റ് ചെയ്തുകൊണ്ടുള്ള ആ ട്വീറ്റ് തരം​ഗമായി. ഒക്ടോബർ 15 ന് വന്ന ആ ട്വീറ്റ് 19,700 തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook