ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 25-ാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ മുസ്ലിംങ്ങളോട് ജിഹാദിന്റെ പാത പിന്തുടരാന്‍ ആഹ്വാനം ചെയ്ത് അല്‍ഖായിദയുടെ പോഷകഭീകരസംഘടനയായ അന്‍സാര്‍ ഗസ്വാ തുല്‍ ഹിന്ദ്. ലക്ഷ്യം പൂര്‍ത്തീകരിക്കും വരെ ഹിന്ദുക്കള്‍ തന്ത്രം മാറ്റി പയറ്റുമെന്നും അവസാനത്തെ മുസ്ലിമിനേയും തുടച്ചുനീക്കാനാണ് ഇവരുടെ ലക്ഷ്യമെന്നും ഭീകര സംഘടന പറയുന്നു. മുസ്ലിം കുട്ടികള്‍, മുതിര്‍ന്നവര്‍, പുരുഷന്മാര്‍, സ്ത്രീകള്‍, മക്കള്‍, സഹോദരങ്ങള്‍ ഇവരെ എല്ലാവരേയും ഇല്ലാതാക്കാനാണ് ഹിന്ദുക്കളുടെ ലക്ഷ്യമെന്നും ഭീകരര്‍ പറയുന്നു.
ബാബറി മസ്ജിദ് തകര്‍ത്ത് കാല്‍നൂറ്റാണ്ട് പിന്നിടവേ മുസ്ലിം വികാരം ചൂഷണം ചെയ്യാനായി ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് ബുധനാഴ്ച ഭീകരര്‍ ആഹ്വാനവുമായി രംഗത്തെത്തിയത്. ‘എല്ലാ മുസ്ലിംങ്ങളും ജിഹാദിനായി വീട് വിട്ട് ഇറങ്ങാന്‍ തയ്യാറാവണം. കാരണം ശത്രു യുദ്ധത്തിന് തയ്യാറാവുകയാണ്’, സന്ദേശത്തില്‍ ഭീകരസംഘടന പറയുന്നു.
സുല്‍ത്താന്‍ സാബുല്‍ അല്‍ ഹിന്ദി എന്ന പേരിലുളള ഒരാളാണ് അക്ഷരസ്ഫുടതയില്ലാതെ ഹിന്ദിയില്‍ സന്ദേശം വായിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ കരുതി ഇരിക്കണമെന്നും ബിജെപി, കോണ്‍ഗ്രസ്, സമാജ്‍വാദി പാര്‍ട്ടി, ദ്രാവിഡ മുന്നേറ്റ കഴകം, തൃണമൂല്‍ കോണ്‍ഗ്രസ്, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവയെല്ലാം സേച്ഛ്വാധിപത്യത്തിന്റെ മുഖങ്ങളാണെന്നും സന്ദേശത്തില്‍ പറയുന്നു. ഇതിന് പരിഹാരം ശരീഅത്തിന്റെ ഭരണമാണെന്നും ഇയാള്‍ പറയുന്നുണ്ട്.