/indian-express-malayalam/media/media_files/uploads/2021/04/corona-vaccine-1.jpg)
പൂനെ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആഗോള തലത്തില്‍ ആശങ്കയായി തുടരുന്ന സാഹചര്യത്തില്‍ നിലവിലെ വാക്സിനുകള്‍ ഫലപ്രദമാണെന്നതില്‍ വ്യക്തതയില്ലെന്ന് വിദഗ്ധര്‍. 40 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് ജനിതകഘടനാ ശാസ്ത്രജ്ഞര്‍ ശുപാര്‍ശ ചെയ്തു. പുതിയ വൈറസിന്റെ ജനിതക വ്യതിയാനങ്ങള്‍ നിരീക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച ഇന്ത്യന്‍ SARS-CoV2 ജീനോമിക്സ് സീക്വൻസിംഗ് കൺസോർഷ്യത്തിന്റെ (ഐഎന്‍എസ്എസിഒജി) പ്രതിവാര ബുള്ളറ്റിനില്‍ പറയുന്നു.
"അപകടസാധ്യതയുള്ള വിഭാഗത്തില്‍ വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് അത് നല്‍കുക. 40 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസും ശുപാര്‍ശ ചെയ്യുന്നു. ഏറ്റവും അപകടസാധ്യതയുള്ള, സമ്പര്‍ക്കമുണ്ടാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. നിലവിലെ വാക്സിനുകളിലെ ആന്റിബോഡി സാന്നിധ്യം ഒമിക്രോണിനെ മറികടക്കാനുള്ള സാധ്യതകളില്ല. പക്ഷെ രോഗം ഗുരുതരമാകുന്നതില്‍ നിന്ന് സംരക്ഷണം ലഭിക്കും," ഐഎന്‍എസ്എസിഒജിയുടെ ബുള്ളറ്റിനില്‍ പറയുന്നു.
പുതിയ വകഭേദത്തെ നേരത്തെ കണ്ടെത്തുന്നതിന് ജനിതക നിരീക്ഷണം നിർണായകമാകുമെന്നും ഐഎന്‍എസ്എസിഒജി പറയുന്നു. നിലവില്‍ ഒമിക്രോണ്‍ ബാധിച്ചിട്ടുള്ള പ്രദേശങ്ങളിലേക്കും പുറത്തേക്കുമുള്ള യാത്രകൾ നിരീക്ഷിക്കണം. പ്രസ്തുത മേഖലകളുമായി എന്തെങ്കിലും ബന്ധമുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ വേഗം കണ്ടെതുക. പരിശോധന വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ഐഎന്‍എസ്എസിഒജി നിര്‍ദേശിച്ചിട്ടുണ്ട്.
ജനിതകരൂപങ്ങളും വൈറസിന്റെ പരിണാമവും പരിഗണിക്കുമ്പോള്‍ അണുബാധയിലൂടെയോ വാക്സിനിലൂടെയോ ലഭിച്ച പ്രതിരോധ ശേഷി ഒമിക്രോണ്‍ നേരിടുന്നതിന് കുറവായിരിക്കുമെന്നും വീണ്ടും രോഗം ബാധിക്കാനുള്ള സാധ്യതകളുണ്ടെന്നും ഐഎന്‍എസ്എസിഒജി വൃത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഇത്തരമൊരു സാധ്യതയാണ് ബൂസ്റ്റര്‍ ഡോസിന് ശുപാര്‍ശ നല്‍കാനുള്ള കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പരമാവധി ആളുകള്‍ക്ക് രണ്ട് ഡോസ് വാക്സിനും ഉടന്‍ നല്‍കുകയാണ് ഏറ്റവും പ്രധാനമെന്ന് വിഖ്യാത വൈറോളജിസ്റ്റ് പ്രൊഫ ഷാഹിദ് ജമീൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കോവിഷീല്‍ഡ് അല്ലെങ്കില്‍ ഫൈസറിന്റെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന് ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കുകയാണെങ്കില്‍ പ്രതിരോധ ശേഷി വര്‍ധിക്കുമെന്നും സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബൂസ്റ്റര്‍ ഡോസ് ട്രയലില്‍ ആസ്ട്രസെനക്ക, ഫൈസര്‍, മോഡേണ, നൊവാവാക്സ് ഉള്‍പ്പെടെയുള്ള വിവിധ തരത്തില്‍ പരീക്ഷിച്ചു. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് ഇന്ത്യയിലെ വിദഗ്ധ സംഘത്തിന് ഇത് ഒരു വഴികാട്ടിയാകുമെന്ന് ജമീല്‍ വിശദമാക്കി. എന്നാല്‍ ഒമിക്രോണിന് ബൂസ്റ്റര്‍ ഡോസ് എത്രത്തോളം ഫലപ്രദമാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Also Read: Omicron | ഒമിക്രോൺ വകഭേദത്തെക്കുറിച്ചുള്ള സംശയങ്ങൾ: ആരോഗ്യ മന്ത്രാലയത്തിന്റെ മറുപടികൾ ഇവയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.