/indian-express-malayalam/media/media_files/uploads/2021/12/Mumbai-covid-test.jpeg)
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ആന്ധ്രാ പ്രദേശ്, കര്‍ണാടക, ഛണ്ഡിഗഡ് എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 36 ആയി ഉയര്‍ന്നു.
ആന്ധ്രാ പ്രദേശില്‍ സ്ഥിരീകരിക്കുന്ന ആദ്യത്തെ കേസാണിത്. അയര്‍ലന്‍ഡില്‍ നിന്ന് എത്തിയ 34 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം മുംബൈയിലെത്തിയ ഇദ്ദേഹം കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയതോടെയാണ് വിശാഖപട്ടണത്തിലേക്ക് തിരിച്ചത്. പിന്നീട് നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ കോവിഡ് ബാധിതനാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചതും ഫലം പോസിറ്റീവായതും.
കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ഒമിക്രോണ്‍ കേസാണിത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യുവാവിനാണ് രോഗം. ഇദ്ദേഹത്തെ വിദഗ്ധ ചികത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ച് പേരടക്കം 20 പേരുടെ സാമ്പിള്‍ പരിശോധയ്ക്കായി അയച്ചതായി കര്‍ണാടക ആരോഗ്യമന്ത്രി ഡോ. സുധാകര്‍ കെ പറഞ്ഞു.
ഛണ്ഡിഗഡിലാണ് ഇന്ന് സ്ഥിരീകരിച്ച മൂന്നാമത്തെ കേസ്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം പേര്‍ ഒമിക്രോണ്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 17 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പ്രസ്തുത സാഹചര്യത്തില്‍ മുംബൈ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Also Read: ഫൈസര്‍ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ സംരക്ഷണം നല്‍കുമെന്ന് പഠനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.