പൂണെ: ഇന്ത്യയിൽ മൂന്നാം തരംഗം രണ്ടാഴ്ച പിന്നിടുമ്പോൾ, കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളും വർധിക്കുകയാണ്. എന്നാൽ, കേസുകൾ വർധിക്കുന്നത് പോലെ മരണനിരക്ക് എവിടെയും വർധിക്കുന്നില്ല.
രാജ്യത്തുടനീളമുള്ള കോവിഡ് മരണങ്ങൾ (കേരളം ഒഴിച്ച്) ഒരു മാസത്തിലേറെ ഇരട്ട അക്കത്തിൽ തുടർന്നതിന് ശേഷം വീണ്ടും മൂന്നക്കത്തിലേക്ക് നീങ്ങുകയാണ്. എന്നാൽ, രണ്ടാമത്തെ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ, കേസുകളുടെ എണ്ണമനുസരിച്ച് മരണങ്ങൾ ഇപ്പോഴും വളരെ കുറവാണ്.
കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ച് പകുതിവരെയും ഇന്ത്യയിൽ ശരാശരി 100 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, അന്ന് കേസുകളുടെ എണ്ണം 15,000 നും 20,000 നും ഇടയിലായിരുന്നു. അതിനുശേഷം ഈ സംഖ്യകൾ കുത്തനെ ഉയരാൻ തുടങ്ങി. പ്രതിദിന കേസുകളുടെ വർധനവ് മുൻപത്തെ തവണ വളരെ മന്ദഗതിയിലുമായിരുന്നു, 12,000 കേസുകളിൽ നിന്ന് 25,000 ആയി ഉയരാൻ ഒരു മാസത്തിലധികം സമയമെടുത്തു. എന്നാൽ ഇത്തവണ അത് വളരെ വേഗത്തിലാണ്, ഡിസംബർ 28ന് പ്രതിദിനം 10,000ൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെ 1.8 ലക്ഷമായി ഉയർന്നു.
മരണസംഖ്യയിലെ വർധനവ് സാധാരണ കേസുകൾ റിപ്പോർട്ട് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിലാണ് പ്രകടമാകുക. അതിനാൽ, കേസുകളുടെ വർധവ് മരണസംഖ്യയിൽ ഉണ്ടാക്കിയിരിക്കുന്ന മാറ്റം ഇപ്പോൾ മാത്രമേ പ്രകടമായി തുടങ്ങൂ. ഇനി മരണസംഖ്യയിൽ ഉണ്ടാകുന്ന ഉയർച്ച, ഒമിക്രോൺ വകഭേദം എത്രമാത്രം സൗമ്യമാണെന്നും വാക്സിനുകൾ ഇതിനു എത്രത്തോളം ഫലപ്രദമാണെന്നും കേസുകളുടെ കുതിച്ചുചാട്ടം നേരിടാൻ സർക്കാർ എത്രത്തോളം തയ്യാറാണെന്നും വെളിപ്പെടുത്തും.
നാല് മാസത്തിലേറെയായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ (ഏകദേശം 80 ശതമാനം) റിപ്പോർട്ട് ചെയ്യുന്ന കേരളത്തെ ഇതിൽ നിന്നും മാറ്റിനിർത്താവുന്നതാണ്. സെപ്റ്റംബറിന് ശേഷം പ്രതിദിനം ശരാശരി 242 മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിന് പുറത്ത്, മിക്ക സംസ്ഥാനങ്ങളിലും മരണസംഖ്യ ഒറ്റ അക്കത്തിലേക്ക് കുറഞ്ഞു, ചില ദിവസങ്ങളിൽ 50 ൽ താഴെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2020 ലെ ആദ്യ തരംഗത്തിന് മുൻപാണ് ഈ ഒരു രീതി കണ്ടത്. അത് ഇപ്പോൾ മാറുകയാണ്.
ഒരു മാസം മുൻപ് ഏകദേശം 20 സംസ്ഥാനങ്ങളിൽ മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ വളരെ കുറച്ച് മരണങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ, ചിലപ്പോൾ പത്ത് ദിവസത്തിനുള്ളിൽ ഒന്നോ രണ്ടോ. ഇവിടങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും ഇപ്പോൾ ദിവസേന കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.
മൂന്നാമത്തെ തരംഗത്തിന് കാരണമായ ഒമിക്രോൺ വകഭേദം ചെറിയ രീതിയിലുള്ള രോഗത്തിനെ കാരണമാകൂവെന്ന് അറിയപ്പെടുന്നു. മാത്രമല്ല കുറച്ച് ആളുകൾക്ക് മാത്രമേ രോഗം ഗുരുതരമാവുകയോ പരിചരണം ആവശ്യമായി വരികയോ ചെയ്യുകയുള്ളൂ. രോഗം ബാധിക്കാൻ സാധ്യതയുള്ളവർ പോലും കുറവാണ്. എന്നാൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ആളുകൾക്ക് രോഗം ബാധിച്ചതിനാൽ, മരണസംഖ്യയെ അത് ബാധിക്കാതെ പോകാൻ വഴിയില്ല.