ജനീവ: മുൻപുണ്ടായ കോവിഡ് വകഭേദങ്ങളേക്കാൾ അതിവേഗത്തിൽ ഒമിക്രോൺ പടരുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ). ഒമിക്രോൺ ഗുരുതരമായ രോഗത്തിന് കാരണമാകുന്നില്ലെങ്കിലും കേസുകളുടെ എണ്ണം ഒരിക്കൽ കൂടി തയ്യാറാകാത്ത ആരോഗ്യ സംവിധാനങ്ങളെ മറികടക്കുമെന്ന് ഡബ്ള്യുഎച്ച്ഒ ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി.
77 രാജ്യങ്ങളിൽ ഇപ്പോൾ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, ഇതുവരെ കണ്ടെത്താത്ത രാജ്യങ്ങളിലും ഒമിക്രോൺ ഉണ്ടെന്നതാണ് യാഥാർത്ഥ്യമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. “മുമ്പത്തെ ഒരു വകഭേദങ്ങളിലും ഞങ്ങൾ കണ്ടിട്ടില്ലാത്ത നിരക്കിലാണ് ഒമിക്രോൺ വ്യാപിക്കുന്നത്,” ടെഡ്രോസ് കൂട്ടിച്ചേർത്തു.
“ആളുകൾ ഒമിക്രോണിനെ നിസാരമായി തള്ളിക്കളയുന്നതിൽ ആശങ്കയുണ്ട്… ഒമിക്രോൺ ഗുരുതരമായ രോഗത്തിന് കാരണമാകില്ലെങ്കിലും, കേസുകളുടെ എണ്ണം തയ്യാറാകാത്ത ആരോഗ്യ സംവിധാനങ്ങളെ ഒരിക്കൽ കൂടി മറികടക്കും,” അദ്ദേഹം പറഞ്ഞു.
“വാക്സിനുകൾ കൊണ്ട് മാത്രം ഒരു രാജ്യത്തിനും ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയില്ല,” ടെഡ്രോസ് വ്യക്തമാക്കി. മാസ്ക് ധരിക്കുന്നതിനോ, സാമൂഹിക അകലം പാലിക്കുന്നതിനോ, കൈ കഴുകുന്നതിനോ പകരമല്ല വാക്സിനെന്നും ഇവയെല്ലാം തുടരണമെന്നും ടെഡ്രോസ് പറഞ്ഞു.
ഗുരുതരമായ രോഗത്തിനും മരണത്തിനുമെതിരെ വാക്സിനുകളുടെ ഫലപ്രാപ്തിയിൽ ചെറിയ കുറവു സൂചിപ്പിക്കുന്ന “പുതിയ തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടന ബൂസ്റ്റർ ഡോസ് നൽകുന്നതിന് എതിരല്ലെന്ന് ടെഡ്രോസ് ആവർത്തിച്ചു. “ഞങ്ങൾ അസമത്വത്തിന് എതിരാണ്.. ഇത് മുൻഗണന സംബന്ധിച്ച ചോദ്യമാണ്.. കഠിനമായ രോഗമോ മരണമോ ഉണ്ടാകാനുള്ള സാധ്യത കുറവുള്ള ഗ്രൂപ്പുകൾക്ക് ബൂസ്റ്ററുകൾ നൽകുന്നത് ഇപ്പോഴും ആദ്യ ഡോസിനായി കാത്തിരിക്കുന്ന ഉയർന്ന അപകടസാധ്യതയുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നു.”
Also Read: ഒമിക്രോൺ: ‘അപകടസാധ്യതയുള്ള’ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ മുൻകൂറായി ആർടി-പിസിആർ ബുക്ക് ചെയ്യണം
“മറുവശത്ത്, ഹൈ റിസ്കിൽ ഉള്ളവർക്ക് അധിക ഡോസുകൾ നൽകുന്നത് കുറഞ്ഞ അപകടസാധ്യതയുള്ളവർക്ക് പ്രാഥമിക ഡോസുകൾ നൽകുന്നതിനേക്കാൾ കൂടുതൽ ജീവൻ രക്ഷിക്കാൻ കഴിയും,” ടെഡ്രോസ് പറഞ്ഞു.
നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ, ഒമിക്രോണിന് ഡെൽറ്റയെ അപേക്ഷിച്ച് കൂടുതൽ വളർച്ചാ നേട്ടമുണ്ടെന്ന് തോന്നുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു.
“കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ സംഭവിക്കുന്ന ഡെൽറ്റ വകഭേദത്തെ ഒമിക്രോൺ ചിലപ്പോൾ മറികടക്കാൻ സാധ്യതയുണ്ട്. ഇപ്പോഴും ഇതുസംബന്ധിച്ച് പരിമിതമായ ഡാറ്റയാണുള്ളത്.. എന്നാൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രാഥമിക കണ്ടെത്തലുകൾ ഇതിനു ഡെൽറ്റയേക്കാൾ തീവ്രത കുറവായിരിക്കുമെന്ന് സൂചിപ്പിക്കുന്നതാണ്, കൂടാതെ യൂറോപ്പിൽ ഇന്നുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ കേസുകളും ചെറിയ രോഗലക്ഷണങ്ങൾ മാത്രം ഉള്ളവയായിരുന്നു,” ഡബ്ള്യുഎച്ച്ഒ പറഞ്ഞു.