ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം എത്തും. കോവിഡ് വ്യാപനം കുറയാതെ തുടരുന്നതും വാക്സിനേഷന് നിരക്ക് ദേശീയ ശരാശരിയേക്കാള്‍ താഴെയുള്ളതുമായ സംസ്ഥാനങ്ങളിലേക്കാണ് വിദഗ്ധ സംഘം എത്തുന്നത്.
കേരളത്തിനെ പുറമെ മഹാരാഷ്ട്ര, തമിഴ്നാട്, വെസ്റ്റ് ബംഗാള്‍, മിസോറാം, കര്‍ണാടക, ബിഹാര്‍, ഉത്തര്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, പഞ്ചാബ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. രാജ്യത്ത് ഇതുവരെ 415 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയില്‍ മാത്രം രോഗികളുടെ എണ്ണം 100 കടന്നു.
മഹാരാഷ്ട്രയ്ക്ക് പുറമെ ഡല്‍ഹിയിലാണ് രോഗവ്യാപനം കൂടുതല്‍. രാജ്യ തലസ്ഥാനത്ത് ഇതുവരെ 79 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് (43), തെലങ്കാന (38), കേരളം (37), തമിഴ്നാട് (34), കര്‍ണാടക (31), രാജസ്ഥാന് (22) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍. 115 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
അതേസമയം, രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷിയുള്ള ഒമിക്രോണ്‍ ഇതിനോടകം തന്നെ പല രാജ്യങ്ങളിലും പടര്‍ന്നു കഴിഞ്ഞു. രണ്ട് ഡോസ് വാക്സിനെടുത്തവരിലും രോഗബാധയുണ്ടാകുന്നു എന്നതാണ് പ്രധാന ആശങ്ക.
Also Read: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഫെബ്രുവരിയില്‍ തീവ്രമാകും: ഐഐടി പഠനം