/indian-express-malayalam/media/media_files/uploads/2021/10/Airport.jpg)
ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ 15 മുതല്‍ ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിച്ചേക്കില്ല. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ചുള്ള സൂചന നല്‍കിയിരിക്കുന്നത്.
"പുതിയ വകഭേദത്തിന്റെ ആശങ്ക ആഗോള തലത്തില്‍ നിലനില്‍ക്കുകയാണ്. നിലവിലെ സാഹചര്യം എല്ലാ പങ്കാളികളുമായി ആലോചിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വാണിജ്യ അന്താരാഷ്ട്ര പാസഞ്ചര്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുകയും യഥാസമയം അറിയിക്കുകയും ചെയ്യും," പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഡിസംബർ 15 ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് മാറ്റിവച്ചിരിക്കുകയാണെന്ന് ഒരു മുതിർന്ന ഡിജിസിഎ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഒമിക്രോണ്‍ സൗദി അറേബ്യയില്‍ സ്ഥിരീകരിച്ചു. വടക്കന്‍ ആഫ്രിക്കയിലെ ഒരു രാജ്യത്തുനിന്ന് എത്തിയ യാത്രക്കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി (എസ്‌പിഎ) റിപ്പോര്‍ട്ട് ചെയ്തു.
വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തുനിന്ന് എത്തിയ ആളെയും ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കിയുള്ള എസ്‌പിഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം ബാധിച്ചയാളെയും സമ്പര്‍ക്കമുണ്ടായവരെയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗം പടരാനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുമിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഒമിക്രോണ്‍ ബാധിച്ച് നിലവില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Also Read: Omicron: സൗദിയില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.