ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി. ഐസിഎംആറിന്റെ പുതിയ മാര്‍ഗനിര്‍ദേശം പ്രകാരം കോവിഡ് രോഗലക്ഷണങ്ങളില്ലാത്തവരും, അന്തര്‍സംസ്ഥാന യാത്രക്കാരും കോവിഡ് പരിശോധന നടത്തേണ്ടതില്ല. എന്നാല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ കര്‍ശനമായും പരിശോധന നടത്തണം.
കോവിഡ് പരിശോധന നടത്തേണ്ടവര്‍
- രോഗലക്ഷണങ്ങളുള്ളവര്‍ (പനി, തൊണ്ടവേദന, രുചിയില്ലായ്മ, മണമില്ലായ്മ, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍).
- സമ്പര്‍ക്കപ്പട്ടികയിലെ ഹൈ റിസ്ക് വിഭാഗത്തിലുള്ളവര്‍ ( 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, വ്യക്കരോഗം, ശ്വാസകോശ സംബന്ധ രോഗം എന്നിവയുള്ളവര്‍).
- ഇന്ത്യയില്‍ നിന്ന് പോകുന്നവരും ഇന്ത്യയിലേക്ക് വരുന്നവരുമായ അന്താരാഷ്ട്ര യാത്രക്കാര്‍.
ആശുപത്രികളിലെ പരിശോധനാ മാര്‍ഗരേഖ
- ചികിത്സിക്കുന്ന ഡോക്ടറുടെ നിര്ദേശപ്രകാരമായിരിക്കണം പരിശോധനകള്‍ നടത്തേണ്ടത്.
- പരിശോധനയുടെ അഭാവത്തിൽ അടിയന്തര ചികിത്സ വൈകരുത്. ശസ്ത്രക്രിയകളും പ്രസവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
- പരിശോധനാ സൗകര്യമില്ലാത്തതിന്റെ പേരില്‍ മറ്റ് ആശുപത്രികളിലേക്ക് രോഗികളെ റെഫര്‍ ചെയ്യരുത്. സമ്പിളുകള്‍ ശേഖരിക്കുന്നതിനുള്പ്പടെയുള്ള ക്രമീകരണങ്ങള്‍ ചെയ്യണം.
- ശസ്ത്രക്രിയക്കൊ മറ്റ് ചികിത്സയ്ക്കൊ വിധേയമാകുന്ന ഗര്‍ഭിണികള്‍ ഉള്‍പ്പടെയുള്ളവരെ രോഗലക്ഷണങ്ങളില്ലാത്ത സാഹചര്യത്തില്‍ പരിശോധിക്കേണ്ടതില്ല.
പരിശോധന ആവശ്യമില്ലാത്ത വിഭാഗം
- രോഗലക്ഷണങ്ങളില്ലാത്തവര്‍.
- സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പ്രായമായവരോ, ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരോ അല്ലെങ്കില്‍ പരിശോധിക്കേണ്ടതില്ല.
- ഹോം ഐസൊലേഷനില്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കഴിയുന്നവര്‍.
- കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തവര്‍.
- മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍.
Also Read: ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന പുതിയ കോവിഡ് കേസുകള്‍ സൈപ്രസില്‍ കണ്ടെത്തി