ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇതിനോടകം തന്നെ നിരവധി രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ബ്രിട്ടണ്‍, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ആഗോള തലത്തില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. വൈറസിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും കര്‍ശനാമാക്കുകയാണ് രാജ്യങ്ങള്‍.
ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് കേസുകളും ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടാണെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദ് വ്യക്തമാക്കി. രാജ്യത്ത് എത്തുന്ന ആളുകളെ രണ്ട് ദിവസത്തിനകം പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കും. നെഗറ്റീവ് ഫലം ലഭിക്കുന്നത് വരെ ക്വാറന്റൈനില്‍ കഴിയണം.പോസിറ്റീവ് ആകുന്നവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനും നിര്‍ദേശിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയെ വൈറസ് ബാധിത മേഖലയായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ജര്‍മനിയില്‍ പ്രസ്തുത പ്രദേശത്ത് നിന്ന് രണ്ട് പേര്‍ എത്തിയിരുന്നു. ഇവര്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറ്റലിയിലെ മിലാനില്‍ മൊസാംബിക്കിൽ നിന്ന് എത്തിയ ഒരു വ്യക്തിയിൽ പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ആംസ്റ്റര്‍ഡാമില്‍ വെള്ളിയാഴ്ച എത്തിയ 600 പേരില്‍ 61 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരില്‍ പുതിയ വകഭേദം ബാധിച്ചിട്ടുണ്ടൊ എന്നറിയാനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. നെഗറ്റീവ് ആയവരിലും ആശങ്ക നിലനില്‍ക്കുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
യാത്രാ നിയന്ത്രണങ്ങള്‍
ആഗോളതലത്തിൽ ഒമിക്രോണിന്റെ വ്യാപനം തടയുന്നതിനായി യാത്രാ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തേണ്ട സമയം പിന്നിട്ടതായി വിദഗ്ധര്‍ പറയുമ്പോഴും അമേരിക്ക, ബ്രസീൽ, കാനഡ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ ലോകത്തെ പല രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനമേര്‍പ്പെടുത്തി കഴിഞ്ഞു. ഇസ്രയേല്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും വിലക്കേര്‍പ്പെടുത്തി.
ഒമ്പത് ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിലുള്ള പൗരന്മാരല്ലാത്തവരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തി. പ്രസ്തുത രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന ഓസ്‌ട്രേലിയൻ പൗരന്മാർക്ക് 14 ദിവസത്തെ ക്വാറന്റൈനും നിര്‍ദേശിച്ചിട്ടുണ്ട്. ജപ്പാനും ബ്രിട്ടണും കൂടുതല്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയ, ശ്രീലങ്ക, തായ്ലന്‍ഡ്, ഒമാന്‍, കുവൈത്ത്, ഹംഗറി തുടങ്ങിയ രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങള്‍ പുതുക്കി.
വൈറസിനെ കണ്ടത്തിയതിന്റെ പേരില്‍ ശിക്ഷിക്കുന്നു
പുതിയ വകഭേദത്തെ നേരത്തെ കണ്ടെത്തിയ മികവിന് ശിക്ഷ നേരിടുകയാണെന്ന് ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങല്‍ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം.
വൈറസിനെ കണ്ടെത്തിയതിന്റെ പേരില്‍ കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് ദക്ഷിണാഫ്രിക്കയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്‍ഡ് കോ ഓപ്പറേഷൻ (ഡിആർസിഒ) പുറത്തിറക്കിയ പ്രസ്താവനയില്‍ ലോക നേതാക്കളോടായി പറയുന്നു.
നിയന്ത്രണങ്ങൾ വിനോദസഞ്ചാരത്തെയും സമ്പദ്‌വ്യവസ്ഥയുടെ മറ്റ് മേഖലകളെയും ബാധിക്കുമെന്ന് ആശങ്കപ്പെടുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യാത്രാ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുമായി സർക്കാർ ചര്‍ച്ചകള്‍ നടത്തുകയാണെന്നും മന്ത്രാലയം അറിയിച്ചു.
ആഫ്രിക്കയില്‍ ആശങ്കയുടെ നാളുകള്‍
പുതിയ വകഭേദം ഏറ്റവും വ്യാപകമായ ദക്ഷിണാഫ്രിക്കയിൽ മതിയായ വാക്സിനുകൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷൻ ആന്‍ഡ് റിസര്‍ച്ചിലെ (ഐഐഎസ്ഇആര്‍) പ്രതിരോധശേഷി വിഭാഗത്തിലെ വിനീത ബാല്‍ സൂചിപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്ക നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഇതു തന്നെയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ആഫ്രിക്കയില്‍ 25 ശതമാനത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമാണ് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ തന്നെ 11 ശതമാനം ആളുകള്‍ മാത്രമാണ് ഒരു ഡോസ് വാക്സിനെങ്കില്‍ എടുത്തിട്ടുള്ളത്. 7.2 ശതമാനം പേരാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചട്ടുള്ളത്. മറുവശത്ത് യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേരും പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടുണ്ട്.
ആഫ്രിക്കയിലെ 10 ശതമാനത്തിൽ താഴെയുള്ള രാജ്യങ്ങൾ മാത്രം അവരുടെ ജനസംഖ്യയുടെ 40 ശതമാനത്തോളം പേര്‍ക്കും വര്‍ഷാവസാനത്തോടെ വാക്സിന്‍ നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ സമീപകാല റിപ്പോർട്ട് പറയുന്നത്. എന്നാല്‍ മിക്ക ആഫ്രിക്കൻ രാജ്യങ്ങളും തങ്ങളുടെ ജനസംഖ്യയുടെ 10 ശതമാനത്തിന് പോലും വാക്സിന്‍ നല്‍കിയിട്ടില്ല.