ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തില്‍, ഉത്സവ സീസണിനു മുന്നോടിയായി പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷമാണ് ഈ നിര്‍ദേശം നല്‍കിയത്.
ജാഗ്രത പാലിക്കാനും കേസ് പോസിറ്റിവിറ്റി, ഇരട്ടിക്കല്‍ നിരക്ക്, ജില്ലകളിലുടനീളം പുതിയ കേസുകളുടെ ക്ലസ്റ്ററുകള്‍ എന്നിവ നിരീക്ഷിക്കാനും നിര്‍ദേശിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു.
16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 236 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. അതില്‍ 104 പേര്‍ സുഖം പ്രാപിച്ചു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. മഹാരാഷ്ട്രയില്‍ 65 പേര്‍ക്കും ഡല്‍ഹിയില്‍ 64 പേര്‍ക്കുമാണു രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ രോഗികളുടെ എണ്ണം 29 ആയി ഉയര്‍ന്നു. ഇന്ന് അഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതിനിടെ ഒമിക്രോണ്‍ ഉയര്‍ത്തുന്ന പുതിയ ആശങ്കകള്‍ക്കിടയില്‍, രാജ്യത്തെ കോവിഡ് -19 സാഹചര്യം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് 6.30ന് യോഗം നടക്കും.
Also Read: കേരളത്തിൽ അഞ്ച് പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ 29 കേസുകൾ
ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി (ഡി ഡി എം എ)യാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,495 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കേസുകളുടെ എണ്ണം 3,47,65,976 ആയി ഉയര്‍ന്നു. 78,291 ആണ് സജീവ കേസുകള്‍. 434 പേരാണ് പുതുതായി മരിച്ചത്. ആകെ മരണം 4,78,759 ആയി.