/indian-express-malayalam/media/media_files/uploads/2021/12/Omicron-Hospital.jpg)
ന്യൂഡല്‍ഹി: ലോകം കോവിഡ്-19ന്റെ നാലാം തരംഗത്തിനു സാക്ഷ്യം വഹിക്കുകയാണെന്നും ജനങ്ങള്‍ ജാഗ്രത കുറയ്ക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
''ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണിനു കാര്യമായ വളര്‍ച്ചാ ആനുകൂല്യമുണ്ടെന്നാണു ലോകാരോഗ്യ സംഘടന ഡിസംബര്‍ ഏഴിനു പറഞ്ഞത്. അതിനര്‍ത്ഥം ഒമിക്രോണിനു കൂടുതല്‍ വ്യാപനക്ഷമതയുണ്ടെന്നാണ്. ഒമിക്രോണുകള്‍ ഒന്നര-മൂന്ന് ദിവസത്തിനുള്ളില്‍ ഇരട്ടിയാകും. അതിനാല്‍ കോവിഡ് മാനദണ്ഡങ്ങളില്‍ നമ്മള്‍ ജാഗ്രത പാലിക്കണം,'' ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 122 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കേസുകള്‍ സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 358 ആയി ഉയര്‍ന്നു. ഇതില്‍ 114 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലാണ് കൂടുതല്‍ പേരില്‍ കോവിഡിന്റെ പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. മഹാരാഷ്ട്ര (88), ഡല്‍ഹി (67), തെലങ്കാന (38), തമിഴ്നാട് (34), കര്‍ണാടക (31), ഗുജറാത്ത് (30), കേരളം (29), രാജസ്ഥാന്‍ (22) എന്നിവയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനങ്ങള്‍.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ നിയന്ത്രണ നടപടികള്‍ ശക്തമാക്കുകയാണ് സംസ്ഥാനങ്ങള്‍.
ഉത്തർപ്രദേശ്
നാളെ മുതൽ രാത്രികാല കർഫ്യു. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യു. നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ട ഉന്നതതല യോഗത്തെ തുടർന്നാണ് തീരുമാനം. കർഫ്യുവിനു പുറമെ, ഇരുന്നൂറിലധികം ആളുകളുടെ ഒത്തുചേരലുകൾക്കു നിരോധനം ഉൾപ്പെടെ മറ്റു നിയന്ത്രണങ്ങളും നിലവിൽ വരും.
മധ്യപ്രദേശ്
മധ്യപ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 11 മുതല്‍ രാവിലെ അഞ്ച് മണി വരെയായിരിക്കും നിയന്ത്രണങ്ങള്‍. ഇന്നലെ രാത്രി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പിന്തുടരാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മധ്യപ്രദേശില്‍ ഇതുവരെ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. "ഒമിക്രോണ്‍ ലോകത്ത് അതിവേഗം പടരുന്നതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ട ഉചിതമായ സമയമാണിത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. സാഹചര്യം പ്രതികൂലമായാല്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കും," മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
കര്‍ണാടക
സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നതിനാല്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടാം തീയതി വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ പറഞ്ഞു.
"പുതുവത്സര ആഘോഷങ്ങൾക്കായി സംസ്ഥാനത്തുടനീളം കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുന്നു. പബ്ബുകളിലും റസ്റ്ററന്റുകളിലും സീറ്റിങ് കപ്പാസിറ്റി 50 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പബ്ബുകളിലെയും റസ്റ്ററന്റുകളിലെയും ജീവനക്കാർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം," മുഖ്യമന്ത്രി വ്യക്തമാക്കി.
മഹാരാഷ്ട്ര
ക്രിസ്മസ് ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ആഘോഷങ്ങള്‍ക്ക് മാത്രമാണ് അനുമതി. ആളുകള്‍ ആരാധനാലയങ്ങളിലും പുറത്തും കൂട്ടംകൂടുന്നതിന് നിയന്ത്രണമുണ്ട്. രാത്രി കുര്‍ബാനയ്ക്ക് 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. മാസ്കും സാമൂഹിക അകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും കര്‍ശനമായി പിന്തുടരാന്‍ നിര്‍ദേശമുണ്ട്.
തമിഴ്നാട്
33 പേര്‍ക്കാണ് ഇന്നലെ തമിഴ്നാട്ടില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ കേസുകള്‍ 34 ആയി ഉയരുകയും ചെയ്തു. രണ്ട് രോഗികള്‍ അല്ലാതെ മറ്റുള്ളവര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ജമ്മു കശ്മീര്‍
കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ റോഡ് മാര്‍ഗം കശ്മീരിലെത്തുന്ന എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. പഞ്ചാബ് ജമ്മു അതിര്‍ത്തിയായ ലഖാന്‍പൂരില്‍ വച്ചായിരിക്കും പരിശോധന നടത്തുക.
Also Read: ഒമിക്രോൺ: വ്യാപനം കൂടിയ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കുമെന്ന് പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.