ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇതിനോടകം തന്നെ 89 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡെല്‍റ്റ വകഭേദത്തിനേക്കാള്‍ അതിവേഗം പടരുന്ന ഒമിക്രോണ്‍ ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇരട്ടിക്കുമെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചിരിക്കുന്നത്.
“ഉയർന്ന തോതില്‍ പ്രതിരോധശേഷിയുള്ള രാജ്യങ്ങളിൽ ഒമിക്രോൺ അതിവേഗം പടരുകയാണ്. വൈറസിന്റെ വേഗത്തിലുള്ള വളര്‍ച്ചാ നിരക്ക് പ്രതിരോധ ശേഷിയെ എത്രത്തോളം ബാധിക്കുമെന്നതിലും വ്യക്തതയില്ല,” ഡബ്ല്യുഎച്ച്ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
“2021 ഡിസംബർ 16 വരെ ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ആറ് മേഖലകളിലായി 89 രാജ്യങ്ങളിൽ ഒമിക്രോണ്‍ വകഭേദം തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങള്‍ ലഭ്യമാകുന്നതിനനുസരിച്ച് ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കും,” ഡബ്ല്യുഎച്ചഒ അറിയിച്ചു.
“ഡെൽറ്റയെ അപേക്ഷിച്ച് ഒമൈക്രോണിന് ഗണ്യമായ വളർച്ചാ നിരക്കുണ്ട് എന്നതില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ട്. സമൂഹ വ്യാപനത്തിന്റെ തോത് രേഖപ്പെടുത്തുന്ന രാജ്യങ്ങളിൽ ഒമിക്രോണ്‍ ഡെൽറ്റ വകഭേദത്തേക്കാള്‍ വളരെ വേഗത്തിൽ പടരുന്നതായി മനസിലാകുന്നു. ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഒമിക്രോണ്‍ ഇരട്ടിക്കുന്നു,” ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതിന് പിന്നാലെ തന്നെ ഒമിക്രോണ്‍ അതിതീവ്ര വ്യാപന ശേഷിയുള്ള അപകടകാരിയായ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. “വൈറസ് എത്രത്തോളം മനുഷ്യശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നതില്‍ വ്യക്തതയില്ല. ഇതിനായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്,” ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 11 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഹൈ റിസ്ക് പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരിലും പുതിയ വകഭേദം കണ്ടെത്തിയതോടെ നിയന്ത്രണ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്ത് എത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം.
Also Read: ആലപ്പുഴയില്‍ സംഘര്‍ഷം; ബിജെപി നേതാവ് കൊല്ലപ്പെട്ടു; ജില്ലയില്‍ നിരോധനാജ്ഞ