ശ്രീനഗർ: ജമ്മു കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കുന്നതിനെ തുടര്‍ന്ന് തടങ്കലിലായ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി ലഭിച്ചു. ഇരുവരുടെയും കുടുംബാംഗങ്ങള്‍ നേതാക്കളെ രണ്ടു തവണ കണ്ടു. ആഴ്ചയില്‍ രണ്ട് തവണ ഇവരെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ഓഗസ്റ്റ് അഞ്ച് മുതല്‍ ഇരുവരും തടങ്കലിലാണ്. ആര്‍ട്ടിക്കിള്‍ 370 നീക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരെയും തടങ്കലിലാക്കിയത്. കശ്മീരിലെ ഒരു ഹോട്ടലില്‍ തടങ്കലിലുള്ള രാഷ്ട്രീയ നേതാക്കളെ കാണാന്‍ അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയതായും റിപ്പോര്‍ട്ടുണ്ട്. നേതാക്കളെ കാണാന്‍ കുടുംബാംഗങ്ങള്‍ അനുമതി തേടിയിരുന്നു.
Read Also: Horoscope Today September 02, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
വീട്ടുതടങ്കലിലുള്ള സിപിഎം നേതാവും എംഎല്‍എയുമായ മുഹമ്മദ് ആസിഫ് തരിഗാമിയെ കാണാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി എത്തിയിരുന്നു. കോടതി അനുമതിയോടെയാണ് യെച്ചൂരി തരിഗാമിയെ കണ്ടത്. തരിഗാമിയെ കുറിച്ച് വിവരമൊന്നും ലഭിക്കുന്നില്ലെന്ന് പറഞ്ഞ് യെച്ചൂരി ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുകയായിരുന്നു.
രണ്ട് തവണ ശ്രീനഗറില്‍ നിന്ന് തിരിച്ചുപോരേണ്ടി വന്ന യെച്ചൂരി മൂന്നാം തവണ ലക്ഷ്യം കാണുകയായിരുന്നു. തരിഗാമിയെ കാണണമെന്ന യെച്ചൂരിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഒരു ദിവസം തരിഗാമിക്കൊപ്പം തങ്ങിയാണ് യെച്ചൂരി പിന്നീട് ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയത്.