കാശ്മീർ: ജമ്മു കാശ്മീരിൽ ബദ്ധവൈരികളായ പിഡിപിയും നാഷണൽ കോൺഫറൻസും സഖ്യസർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചത് പാക് ഇടപെടലിനെ തുടർന്നാണെന്ന് ബിജെപി നേതാവ് രാം മാധവ്. തൊട്ടുപിന്നാലെ ഇത് തെളിയിക്കാൻ രാം മാധവിനെ വെല്ലുവിളിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുളള രംഗത്തെത്തി. പിന്നാലെ വിവാദ പ്രസ്താവന പിൻവലിക്കുന്നതായി രാം മാധവ് ട്വീറ്റ് ചെയ്തു.

വാർത്ത ഏജൻസിയായ എഎൻഐയാണ് രാം മാധവിന്റെ പ്രസ്താവന പുറത്തുവിട്ടത്. “കഴിഞ്ഞ മാസം തദ്ദേശ തിരഞ്ഞെടുപ്പ് അതിർത്തിക്കപ്പുറത്ത് നിന്ന് ലഭിച്ച നിർദ്ദേശത്തെ തുടർന്ന് നാഷണൽ കോൺഫറൻസും പിഡിപിയും ബഹിഷ്കരിച്ചിരുന്നു. ഇപ്പോഴും സഖ്യം രൂപീകരിക്കാനും സർക്കാർ ഉണ്ടാക്കാനും അവർക്ക് അവിടെ നിന്ന് നിർദ്ദേശം കിട്ടിക്കാണും. അവരുടെ ആ പ്രവൃത്തി ഗവർണറെ വിഷയത്തെ ഗൗരവത്തോടെ സമീപിക്കാൻ പ്രേരിപ്പിച്ചു.” ഇതാണ് രാം മാധവിന്റേതായി എഎൻഐ പുറത്തുവിട്ട പ്രസ്താവന.

എന്നാൽ തൊട്ടുപിന്നാലെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുളള ഇതിന് തെളിവ് പുറത്തുവിടാൻ ആവശ്യപ്പെട്ട് രംഗത്ത് വന്നു. “നിങ്ങളുടെ ആരോപണം തെളിയിക്കാൻ താങ്കളെ ഞാൻ വെല്ലുവിളിക്കുന്നു രാം മാധവ് ജീ. റോ, എൻഐഎ, ഐബി എല്ലാം നിങ്ങളുടെ ആജ്ഞാനുവർത്തിയാണ്. സിബിഐ പോലും നിങ്ങളുടെ തത്തയാണ്. അതുകൊണ്ട് പൊതുജന മധ്യത്തിൽ തെളിവ് വയ്ക്കാൻ ധൈര്യമുണ്ടോ? തെളിയിക്കാമെങ്കിൽ തെളിയിക്ക്, അല്ലെങ്കിൽ മനുഷ്യനെ പോലെ ക്ഷമാപണം നടത്തൂ. വെടിവച്ച് ഓടുന്ന തരം രാഷ്ട്രീയം കളിക്കരുത്,” അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

എന്നാൽ താൻ ഒമർ അബ്ദുളളയുടെ ദേശഭക്തിയെ ചോദ്യം ചെയ്തതല്ലെന്നും തന്റേത് രാഷ്ട്രീയ പ്രസ്താവനയായിരുന്നുവെന്നുമാണ് രാം മാധവ് ഇതിനോട് പ്രതികരിച്ചത്. ഇതൊക്കെയിത്ര കാര്യമാക്കാനുണ്ടോ എന്ന നിലയിലായിരുന്നു മറുപടി.

“ഞാൻ താങ്കളുടെ ദേശഭക്തിയെ ചോദ്യം ചെയ്തതല്ല. എന്നാൽ പിഡിപിയും എൻസിയും തമ്മിൽ പെട്ടെന്നുടലെടുത്ത പ്രണയവും സർക്കാരുണ്ടാക്കാനുളള ശ്രമവും പല സംശയങ്ങളും രാഷ്ട്രീയ കമന്റുകളും ഉയർത്തി. നിങ്ങളെ കുറ്റപ്പെടുത്തിയതല്ല,” പ്രസ്താവനയിൽ നിന്ന് പാതി പിൻവാങ്ങിക്കൊണ്ട് രാം മാധവ് കുറിച്ചു.

എന്നാൽ ഒമർ അബ്ദുളള വിട്ടില്ല. “ഇല്ല. അസ്ഥാനത്തുളള ശ്രമങ്ങൾക്ക് തമാശ ഫലപ്രദമല്ല. നിങ്ങൾ പറഞ്ഞത് എന്റെ പാർട്ടി പാക്കിസ്ഥാന്റെ താത്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്നാണ്. അത് തെളിയിക്കാൻ ഞാൻ താങ്കളെ വെല്ലുവിളിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് എൻസി ബഹിഷ്കരിച്ചത് പാക്കിസ്ഥാൻ ആവശ്യപ്പെട്ടാണെന്ന് തെളിയിക്കുന്ന രേഖകൾ പൊതുജനത്തിന് മുന്നിൽ വയ്ക്ക്. ഇത് താങ്കൾക്കും താങ്കളുടെ സർക്കാരിനുമെതിരായ തുറന്ന വെല്ലുവിളിയാണ്.” ട്വീറ്റിൽ പറഞ്ഞു.

“ഐസ്‌വാളിൽ ഇപ്പോഴത്തിയതേയുളളൂ, അപ്പോഴാണ് താങ്കളുടെ ട്വീറ്റ് കണ്ടത്,” രാം മാധവ് മറുപടി കുറിപ്പ് തുടങ്ങിയതിങ്ങനെ. “ഇപ്പോൾ നിങ്ങൾ ബാഹ്യസമ്മർദ്ദങ്ങൾ ഇല്ലെന്ന് പറയുന്ന സാഹചര്യത്തിൽ ഞാനെന്റെ പ്രസ്താവന പിൻവലിക്കുന്നു. സത്യസന്ധമായ സ്നേഹമാണ് നിങ്ങൾക്ക് പിഡിപിയുമായി ഉളളതെന്ന് പറഞ്ഞ സാഹചര്യത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിങ്ങൾ ഒരുമിച്ച് മത്സരിക്കണം.” രാം മാധവ് ട്വീറ്റ് ചെയ്തു.

രാം മാധവ് പ്രസ്താവന പിൻവലിച്ചതോടെ ട്വിറ്ററിൽ നീണ്ട നേരത്തെ വാക്പോരിനാണ് അറുതിയായത്. ഇരുഭാഗത്തിന്റെയും വാദഗതികൾക്ക് അനുയായികൾ പിന്തുണയർപ്പിച്ച് എത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook