ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായിരുന്ന മെഹ്ബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും വീട്ടുതടങ്കലിൽ തുടരുന്നത് പൊതു സുരക്ഷാ നിയമത്തിന്റെ(പബ്ലിക് സേഫ്റ്റി ആക്ട്) കീഴിലാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറയുമ്പോൾ, ആ നിയമം നേതാക്കൾക്കെതിരെ ചുമത്തിയത് തങ്ങൾക്ക് അറിയില്ല എന്നാണ് ശ്രീനഗറിലെ ഉദ്യോഗസ്ഥർ പറയുന്നത്.
ഇന്ത്യാ ടുഡേ ടെലിവിഷൻ ചാനലിന് തിങ്കളാഴ്ച നൽകിയ അഭിമുഖത്തിലാണ് ഒമർ, മെഹ്ബൂബ എന്നിവരെ തടങ്കലിലാക്കിയതിനെ കുറിച്ച് അമിത് ഷായോട് ചോദിക്കുന്നത്. അവർ ഇപ്പോഴും പൊതു സുരക്ഷാ നിയമ പ്രകാരം തടങ്കലിലാണ് എന്നായിരുന്നു ഈ ചോദ്യത്തിന് മറുപടിയായി ഷാ പറഞ്ഞത്. ഈ വീഡിയോ ബിജെപി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഷെയർ ചെയ്തിട്ടുമുണ്ടായിരുന്നു.
കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രം റദ്ദാക്കിയത്. ഇതിന് മുന്നോടിയായി മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളെയെല്ലാം തടങ്കലിൽ ആക്കിയിരുന്നു.
മൂന്ന് തവണ മുഖ്യമന്ത്രിയും നിലവിലെ ശ്രീനഗർ എംപിയുമായ ഒമറിന്റെ പിതാവ് ഫാറൂഖ് അബ്ദുല്ലയ്ക്കെതിരെ പിഎസ്എ പിന്നീട് ചുമത്തുകയും ശ്രീനഗറിലെ അദ്ദേഹത്തിന്റെ വീട് ഒരു ജയിലായി പ്രഖ്യാപിക്കുകയും ചെയ്തു. ആറ് മാസം മുതൽ രണ്ട് വർഷം വരെ വിചാരണ കൂടാതെ ഒരാളെ കർശനമായ തടങ്കലിൽ വയ്ക്കാൻ പിഎസ്എ സർക്കാരിനെ അനുവദിക്കുന്നു.
നേതാക്കളെ തടങ്കലിൽ വയ്ക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഷാ പറഞ്ഞു: “സംഭവം പുതിയതാകുമ്പോൾ, ആർട്ടിക്കിൾ 370 നീക്കം ചെയ്ത ഉടൻ തന്നെ ആളുകൾക്കിടയിൽ ഞെട്ടലുണ്ടാകുന്നത് സ്വാഭാവികമാണ്. ആരെങ്കിലും പ്രേരിപ്പിച്ചാൽ, സാഹചര്യങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രശ്നമുണ്ടാകും.”
പ്രിവന്റീവ് കസ്റ്റഡിയിലെടുത്ത 4,000 പേരെക്കുറിച്ച് ഷാ പറഞ്ഞതിങ്ങനെ, “ആയിരത്തിൽ താഴെ പേർ ഇപ്പോഴും ജയിലിലാണ്, അവരിൽ 800 പേർ കല്ലെറിഞ്ഞവരാണ്”. കഴിഞ്ഞ പല വർഷങ്ങളിൽ ആർട്ടിക്കിൾ 370ന്റെ പേരിൽ 40,000 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. “എന്ത് സന്ദേശമാണ് നൽകുന്നത്? ആർട്ടിക്കിൾ 370 കാരണം അവർ കൊല്ലപ്പെട്ടുവെന്ന് ഞാൻ വിശ്വസിക്കുന്നു. ആർട്ടിക്കിൾ 370 ഞങ്ങൾ നീക്കംചെയ്തു, ഓരോരുത്തരേയുമായി അറിയിക്കാൻ ഞങ്ങൾക്ക് ഒരുപാട് സമയം വേണ്ടി വരും. ആരെങ്കിലും മുറിവുകൾ മാന്തിയാൽ, ആളുകൾ പ്രചോദിതരായേക്കാം. മുൻകരുതൽ എന്ന നിലയിൽ ഞങ്ങൾ അവരെ തടങ്കലിൽ പാർപ്പിച്ചു. ജീവൻ നഷ്ടപ്പെടുന്നതിനെക്കാൾ മുൻകരുതൽ എടുക്കുന്നതാണ് നല്ലത്, ”അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ കർഫ്യൂ ഏർപ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച ഷാ, കഴിഞ്ഞ രണ്ട് മാസത്തിനിടെ സുരക്ഷാ സേന വെടിവയ്പ്പ് നടത്തിയിട്ടില്ലെന്നും പറഞ്ഞു. “കശ്മീർ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്,” അദ്ദേഹം പറഞ്ഞു.