ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സഖ്യമുണ്ടാക്കാന്‍ വന്ന മൂന്ന് പാര്‍ട്ടികളേയും ഭീകരവാദ അനുകൂല പാര്‍ട്ടികള്‍ എന്നു വിളിച്ചതിന് ബിജെപിക്കെതിരെ നിയമ നടപടിക്കൊരുങ്ങി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.

‘ഇത് അധിക്ഷേപമാണ്. തീര്‍ത്തും അപകീര്‍ത്തിപ്പെടുത്തലാണ്. സഹിക്കാവുന്നതിലപ്പുറമായി. അവര്‍ക്ക് ഞങ്ങളുന്നയിച്ച കാര്യങ്ങള്‍ക്ക് യാതൊരു മറുപടിയുമില്ലാത്തതുകൊണ്ടാണ് ഇത്തരത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഇന്നലെ വരെ അവര്‍ പിഡിപിയുടെ പങ്കാളികളായിരുന്നു.’

‘ബിജെപിക്കെതിരെ നിയമ നടപടിക്കൊരുങ്ങാന്‍ ഞങ്ങളുടെ പാര്‍ട്ടി തീരുമാനിച്ചു. ഇത്തരം ആരോപണഅള്‍ക്ക് മറുപടി നല്‍കാതെ പോകരുത്. ബിജെപി ഇതര കക്ഷികള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒന്നിച്ചുവരുമ്പോള്‍ അവര്‍ ഭീകരവാദ അനുകൂലികളും ദേശവിരുദ്ധരുമൊക്കെ ആകുന്നു എന്ന ആരോപണങ്ങള്‍ അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല,’ ഒമര്‍ അബ്ദുള്ള പറഞ്ഞു.

പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ പാക്കിസ്ഥാന്‍ ആണെന്ന് ഒരു ബിജെപി ചാനല്‍ പറഞ്ഞതായും ഒമര്‍ അബ്ദുള്ള ചൂണ്ടിക്കാട്ടുന്നു.

‘അവര്‍ എല്ലാ പരിധികളും ലംഘിച്ചു. നാഷണല്‍ കോണ്‍ഫറന്‍സിനെ പോലെ ഇവിടെ മറ്റൊരു പാര്‍ട്ടികളും ത്യാഗം സഹിച്ചിട്ടില്ല. ഞങ്ങളുടെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ കൊല്ലപ്പെട്ടത്. ഈ അപകീര്‍ത്തികരമായ ഭാഷയ്ക്കപ്പുറം ജമ്മു കശ്മീരില്‍ എന്താണാ ബിജെപിയുടെ സംഭാവന?’ ഒമര്‍ അബ്ദുള്ള ചോദിക്കുന്നു.

ബുധനാഴ്ച രാത്രി ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നിയമസഭ പിരിച്ചുവിട്ടു. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിഡിപി, കോണ്‍ഗ്രസിന്റേയും നാഷണല്‍ കോണ്‍ഫറന്‍സിന്റേയും പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് മണിക്കൂറുകള്‍ക്കകമാണ് ഗവര്‍ണറുടെ നടപടി.

പ്രത്യയശാസ്ത്രപരമായി പരസ്പരം എതിര്‍ക്കുന്ന മൂന്ന് പാര്‍ട്ടികള്‍ക്ക് പരസ്പരം ഒന്നിച്ചു നില്‍ക്കാനുള്ള സാധ്യതക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നേരിടാന്‍ ആവശ്യപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook