ന്യൂഡല്‍ഹി: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയെ പൊതുസുരക്ഷാ നിയമപ്രകാരം ജമ്മുകശ്മീരിൽ തടവിലാക്കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഒമര്‍ അബ്ദുള്ളയുടെ സഹോദരി സാറ പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജി ജമ്മു കശ്മീര്‍ ഭരണകൂടത്തിനു നോട്ടീസ് പുറപ്പെടുവിച്ച സുപ്രീം കോടതി കേസ് മാര്‍ച്ച് രണ്ടിലേക്കു മാറ്റി.

അതേസമയം, ഹേബിയസ് കോർപസ് കേസ് ആയതിനാൽ ഉടൻ വാദം കേൾക്കുമെന്നാണു പ്രതീക്ഷയെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും സാറ പൈലറ്റ് കോടതിക്കു പുറത്തുവച്ച് മാധ്യമങ്ങളോട് പറഞ്ഞു. സാറ പൈലറ്റിനു വേണ്ടി കോണ്‍ഗ്രസ് നേതാവ് കൂടിയായ പ്രമുഖ അഭിഭാഷന്‍ കപില്‍ സിബലാണു കോടതിയില്‍ ഹാജരായത്.

Read Also: ഡൽഹി കൂട്ടബലാത്സംഗ കേസ്: പ്രതി വിനയ് ശർമയുടെ ഹർജി സുപ്രീം കോടതി തളളി

ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണു ഹർജി പരിഗണിച്ചത്.  ജസ്റ്റിസുമാരായ എന്‍വി രമണ, സഞ്ജീവ് ഖന്ന എന്നിവരാണു ബഞ്ചിലെ മറ്റംഗങ്ങള്‍.ബഞ്ചിനു മുന്‍പാകെ കേസ് ബുധനാഴ്ച എത്തിയപ്പോള്‍ ജസ്റ്റിസ് എം ശന്തനഗൗഡര്‍ വാദംകേള്‍ക്കലില്‍നിന്നു സ്വമേധയാ പിന്മാറിയിരുന്നു.

പൊതുസുരക്ഷാ നിയമപ്രകാരമുള്ള ഒമര്‍ അബ്ദുള്ളയുടെ തടവ് രാഷ്ട്രീയപ്രേരണയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണു സാറ സുപ്രീം കോടതിയെ സമീപിച്ചത്. ” പാര്‍ലമെന്റ് അംഗങ്ങള്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങി ഇന്ത്യയുടെ ദേശീയ അഭിലാഷങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നവരെ സംസ്ഥാനത്തിനു ഭീഷണിയായി കാണുന്നത് അപൂര്‍വമാണ്,” ഹര്‍ജിയില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook