ശ്രീനഗർ: ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 നീക്കുന്നതിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങളാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. അതിൽ ഏറ്റവും വിവാദമായതാണ് രാഷ്ട്രീയ നേതാക്കളുടെ വീട്ടുതടങ്കൽ. കശ്‌മീർ മുൻ മുഖ്യമന്ത്രിമാർ പോലും വീട്ടുതടങ്കലിലായി. ആർട്ടിക്കിൾ 370 നീക്കി മാസങ്ങൾക്കു ശേഷവും പല പ്രമുഖ നേതാക്കളും ഇപ്പോഴും തടങ്കലിൽ തുടരുകയാണ്.

കശ്‌മീരിൽ തടങ്കലിൽ കഴിയുന്ന രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും പ്രമുഖനായ നേതാവാണ് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പാർട്ടി അധ്യക്ഷനുമായ ഒമർ അബ്‌ദുല്ല. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ചിത്രം ഒമർ അബ്‌ദുല്ലയുടേതാണെന്നാണ് റിപ്പോർട്ടുകൾ. സമൂഹമാധ്യമങ്ങളിലും ഇതേ കുറിച്ച് വലിയ ചർച്ചയാണ് നടക്കുന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അടക്കമുള്ളവർ ഒമർ അബ്‌ദുല്ലയുടേത് എന്ന് തോന്നിക്കുന്ന ചിത്രം ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ഒമർ അബ്‌ദുല്ലയെ തനിക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നാണ് മമത ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.

മഞ്ഞിന് മുന്നിലായി നരച്ച താടിയും മുടിയുമായി നിൽക്കുന്ന ഒരാളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പൊതുവേ താടിയില്ലാതെ കാണപ്പെടുന്ന ആളാണ് ഒമർ അബ്‌ദുല്ല. എന്നാൽ, ഇപ്പോൾ പ്രചരിക്കുന്ന ചിത്രത്തിൽ നരച്ച നീളൻ താടിയുണ്ട്. എപ്പോഴും ക്ലീൻ ഷേവായി കാണപ്പെടുന്ന ഒമർ അബ്ദുല്ല തന്നെയാണോ ഇതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.

ഒമറിന് പുറമെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല, മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്റ്റി തുടങ്ങിയവർ ഇപ്പോഴും വീട്ടുതടങ്കലിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook