ന്യൂഡല്‍ഹി: വീട്ടുതടങ്കലിലുള്ള ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും കുടുംബാംഗങ്ങളെ കണ്ടതായി റിപ്പോര്‍ട്ട്. ഒരു മാസത്തോളമായി തടങ്കലില്‍ കഴിയുന്ന ഇരുവരേയും കുടുംബത്തെ കാണാന്‍ ഇന്ന് അനുവദിക്കുകയായിരുന്നു.
ഒമര്‍ അബ്ദുള്ളയുടെ സഹോദരിയും അവരുടെ മക്കളും അദ്ദേഹത്തെ കണ്ടതായാണ് റിപ്പോര്‍ട്ട്. ഹരി നിവാസ് ഗസ്റ്റില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. അവിടെയാണ് ഒമര്‍ അബ്ദുള്ളയെ തടവില്‍ വച്ചിരിക്കുന്നത്. അദ്ദേഹത്തിന് പുറം ലോകവുമായി ബന്ധപ്പെടാന്‍ സാധിക്കില്ല. മുറിയില്‍ ടിവിയുമില്ല.
അതേസമയം, മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ ഉന്നത ഉദ്യോഗസ്ഥര്‍ കണ്ടതായും അവരോട് ഒമറിനെ കാണാന്‍ അദ്ദേഹം അനുവാദം ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
മെഹ്ബൂബ മുഫ്തിയും കുടുംബാംഗങ്ങളെ കണ്ടാതായാണ് റിപ്പോര്‍ട്ട്. അമ്മയും സഹോദരിയും മെഹ്ബൂബയെ കണ്ടു. പുറം ലോകവുമായി ബന്ധപ്പെടാനാകാതെ കഴിയുന്ന മുഫ്തി വായനയിലാണ് സമയം ചെലവഴിക്കുന്നത്.
സഹോദരി സഫിയയും ബന്ധുവും നിരവധി തവണ ഡെപ്യൂട്ടി കമ്മീഷറുടെ ഓഫിസിലെത്തി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഒമര്‍ അബ്ദുള്ളയെ കാണാന്‍ അനുമതി നല്‍കിയത്. ഇതിനുമുമ്പ് ബലിപെരുന്നാള്‍ ദിവസമാണ് ഫോണില്‍ ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നത്.
മെഹ്ബൂബ മുഫ്തിയെ ചെസ്മാഷാഹിയിലെ ടൂറിസം വകുപ്പിന്റെ കെട്ടിടത്തിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇത് സബ് ജയിലായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.