/indian-express-malayalam/media/media_files/uploads/2023/05/Brij-Bhushan.jpg)
ബ്രിജ് ഭൂഷൺ ശരൺ സിങ്
ന്യൂഡല്‍ഹി: കേന്ദ്രകായിക മന്ത്രി അനുരാഗ് താക്കൂറിന്റെ ഗുസ്തി താരങ്ങളുമായുള്ള ആറ് മണിക്കൂര്‍ കൂടിക്കാഴ്ചയിലെ പ്രധാന വാഗ്ദാനം ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ഡബ്ല്യുഎഫ്ഐ)യിലെ അധികാരമാറ്റത്തിനുള്ള സാധ്യതയാണ്. ബിജെപി എംപി ബ്രിജ് ഭൂഷണ്‍ സിങ്ങും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അടുപ്പമുള്ളവരുടെയും ഭരണസമിതിക്ക് പകരം റെസ്ലിംഗ് ഫെഡറേഷനില്‍ പുതിയ നേതൃത്വമുണ്ടാകുമെന്നാണ് വാഗ്ദാനം.
ഡബ്ല്യുഎഫ്ഐയുടെ ഇനിയുള്ള തിരഞ്ഞെടുപ്പില്‍ ബ്രിജ്ഭൂഷന്റെ കുടുംബത്തില്‍ നിന്ന് ആരെയും മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഗുസ്തി താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതായാണ് വിവരം. കൂടാതെ, ഫെഡറേഷനിലെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ പ്രധാന സ്ഥാനങ്ങള്‍ ആരൊക്കെ വഹിക്കണമെന്ന് തീരുമാനിക്കുന്നതില്‍ ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുടെ അഭിപ്രായവും പരിഗണിക്കും.
''ഡബ്ല്യുഎഫ്ഐ തിരഞ്ഞെടുപ്പ് ജൂണ്‍ 30-നകം നടത്തുകയും ഒരു സ്ത്രീയെ തലവനായി ഡബ്ല്യുഎഫ്ഐയുടെ ആന്തരിക പരാതി കമ്മിറ്റി രൂപീകരിക്കുകയും വേണം. തെരഞ്ഞെടുപ്പിന് ശേഷം ഡബ്ല്യുഎഫ്ഐ ഒരു മികച്ച ഫെഡറേഷനായി പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ താരങ്ങളുടെ അഭിപ്രായം സ്വീകരിക്കണം, ''ഗുസ്തിതാരങ്ങളുമായുള്ള യോഗത്തിന് ശേഷം സംസാരിച്ച അനുരാഗ് താക്കൂര്‍ പറഞ്ഞു.
ഡബ്ല്യുഎഫ്ഐ പ്രസിഡന്റായി 12 വര്‍ഷം പൂര്‍ത്തിയാക്കിയ ബ്രിജ്ഭൂഷണ്‍ ദേശീയ സ്പോര്‍ട്സ് കോഡ് വിവരിച്ചിട്ടുള്ള കാലാവധി പരിധി കാരണം മറ്റൊരു ടേമിലേക്ക് മത്സരരംഗത്തുണ്ടായിരുന്നില്ല. എന്നിരുന്നാലും, ബ്രിജ്ഭൂഷന്റെ കുടുംബാംഗങ്ങള്‍ക്കോ അടുത്ത കൂട്ടുകാര്‍ക്കോ പോലും ഫെഡറേഷനിലേക്ക് ഇനി പ്രവേശനം ഉണ്ടായിരിക്കില്ല.
ഏപ്രിലില്‍ സര്‍ക്കാര്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പിരിച്ചുവിടുന്നതിന് മുമ്പ് ബ്രിജ് ഭൂഷന്റെ മകന്‍ കരണ്‍ ഭൂഷണ്‍ ഡബ്ല്യുഎഫ്ഐയുടെ വൈസ് പ്രസിഡന്റായിരുന്നു. മരുമകന്‍ വിശാല്‍ സിംഗ് ബീഹാര്‍ റെസ്ലിംഗ് അസോസിയേഷന്റെ പ്രസിഡന്റാണ്. ഡബ്ല്യുഎഫ്ഐ ജോയിന്റ് സെക്രട്ടറി ആദിത്യ പ്രതാപ് സിംഗും ബ്രിജ് ഭൂഷന്റെ മരുമകനാണ്. മൂന്ന് ടേം പൂര്‍ത്തിയാക്കിയ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെയും അദ്ദേഹത്തോട് അടുപ്പമുള്ളവരെയും തിരഞ്ഞെടുക്കരുതെന്ന് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു,' യോഗത്തിന് ശേഷം അനുരാഗ് താക്കൂര്‍ പറഞ്ഞു. ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഗുസ്തി താരങ്ങളുടെ സമരം കായിക മന്ത്രി അനുരാഗ് താക്കൂറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് അവസാനിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.