“നിങ്ങളിലാർക്കെങ്കിലും ഒരു ജീവൻ രക്ഷിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ടോ? എന്നിട്ട് എത്ര പേർ അത് ചെയ്തിട്ടുണ്ട്?”, നടി കനിഹ ഈ ചോദ്യം ചോദിക്കുന്നത് ജീവൻ രക്ഷിച്ച സന്തോഷം അനുഭവിച്ചു കൊണ്ടാണ്. അപകടത്തിൽപെട്ട് രക്തം വാർന്ന് കിടക്കുന്നവരെ മനപ്പൂർവ്വം വിട്ടുകളയുകയാണ് നമ്മളിൽ പലരും ചെയ്യുന്നത്. ഇന്ന് താൻ നേരിട്ട സമാനമായ അനുഭവമാണ് നടി ഫെയ്സ്ബുക്കിൽ വിശദീകരിച്ചിരിക്കുന്നത്.

കനിഹയുടെ അനുഭവക്കുറിപ്പ് തുടങ്ങുന്നതിങ്ങനെ, “നിങ്ങളിൽ എത്ര പേർക്ക് ജീവൻ രക്ഷിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ടെന്ന് അറിയില്ല. റിഷിയെ സ്കൂളിൽ വിട്ട ശേഷം തിരിച്ച് വീട്ടിലേക്ക് വരുന്പോൾ ഇന്നെനിക്ക് അതിനൊരു അവസരം ലഭിച്ചു. രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചതും പ്രായമായ ഒരാൾ വീണതും ഞാനെന്റെ കൺമുന്നിൽ കണ്ടു. എനിക്ക് മുന്നിലുണ്ടായ കാറുകളെല്ലാം വേഗം കുറച്ച് ഈ സംഭവം നോക്കിയ ശേഷം അവരെ മറികടന്ന് പോയി.”

“വീണുപോയ ആളുടെ ഇടതുകാലിന് ഗുരുതരമായി മുറിവേറ്റതായി ഞാൻ കണ്ടു. എല്ലുപൊട്ടി പുറത്തേക്ക് വന്നിരുന്നു. രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. ഉടൻ തന്നെ ഞാൻ അദ്ദേഹത്തെ എന്റെ കാറിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഞാൻ തുടർച്ചയായി സംസാരിച്ചിട്ടും അദ്ദേഹം കാറിൽ നിന്ന് പുറത്തിറങ്ങാനാണ് ശ്രമിച്ചത്.”

“ഞാൻ ആശുപത്രിയിൽ എത്തി. പക്ഷെ അപ്പോഴത്തെ അത്യാഹിത വിഭാഗത്തിലെ പ്രതികരണം എന്നെ അന്പരപ്പിച്ചു. അത് മറ്റൊരു കഥയാണ്. ഇപ്പോൾ പറയുന്നില്ല.”

“പിന്നീട് ഞാൻ അദ്ദേഹത്തിന്റെ വീട്ടുകാരെ വിവരമറിയിച്ചു. ഭാഗ്യത്തിന് വിവരമറിഞ്ഞെത്തിയ പൊലീസുകാർ വിവരമുള്ളവരായിരുന്നു. അവരെന്നെ അഭിനന്ദിച്ചു. പ്രശ്നത്തിലാകും എന്നും കാറിൽ രക്തം പുരളുമെന്നും കരുതിയാണ് എപ്പോഴും ആളുകൾ അപകടത്തിൽ പെട്ടവരെ രക്ഷിക്കാതിരിക്കുന്നതെന്ന് അവർ പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്തു. അദ്ദേഹത്തിന് ഇപ്പോൾ ചികിത്സയും ലഭിക്കുന്നുണ്ട്. ഈ സംഭവം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. ഒരു യാഥാർത്ഥ്യം എന്റെ മുന്നിൽ വന്ന് നിന്നു. ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചതിൽ എനിക്കിപ്പോൾ സന്തോഷമുണ്ട്.”

“ആരെയെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ സഹായിക്കാൻ ആർക്കെങ്കിലും ഇത് പ്രചോദനമാകുമോയെന്ന് ഞാൻ കരുതുന്നു”, കനിഹ ഫെയ്സ്ബുക്കിൽ കുറിപ്പ് അവസാനിപ്പിച്ചു.

ചെന്നൈ നഗരത്തിലെ ഈസ്റ്റ് കോസ്റ്റ് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇവിടെയടുത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ പരിക്കേറ്റയാൾ ചികിത്സയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ