ന്യൂയോര്‍ക്ക്: കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ എണ്ണ വില തിരിച്ച് കയറുന്നു. യുഎസ് വിപണിയിൽ തിങ്കളാഴ്ച ക്രൂഡ് ഓയിലിന്റെ വില പൂജ്യത്തിലും താഴെയായിരുന്നു. മേയ് മാസത്തേക്കുള്ള എണ്ണ വിലയാണ് കുത്തനെ ഇടിഞ്ഞത്.

എണ്ണ സംഭരണം പരിധി വിട്ടതും ഉല്‍പാദനത്തില്‍ വലിയ ഇടിവ് സംഭവിക്കാത്തതും മൂലമാണ് -40.32 ഡോളറിലേക്ക് വില താഴ്ന്നത്. ഇന്ന് വീണ്ടും ഒരു ഡോളറിലേക്ക് വിലയെത്തി. ട്രേഡിങ് വോള്യങ്ങൾ 30 മടങ്ങ് കൂടുതലുള്ള ജൂൺ മാസ കരാർ ബാരലിന് 21 ഡോളറിന് മുകളിലേക്ക് ഉയർന്നു.

കോവിഡ് ഭീതിയില്‍ ലോകത്തെ പ്രധാന നഗരങ്ങളെല്ലാം അടച്ചിട്ടതോടെയാണ് ആവശ്യക്കാര്‍ തീരെ കുറഞ്ഞതും വില റെക്കോർഡ് തകർച്ചയിലേക്ക് കൂപ്പുകുത്തിയതും. ചരിത്രത്തിൽ ആദ്യമായാണ്​ ക്രൂഡ്​ ഓയിൽ വില ഇത്രയും താഴുന്നത്​. 2008ൽ റെക്കോർഡ്​ തുകയായ 148 ഡോളറിലേക്ക്​ ക്രൂഡ്​ ഓയിൽ വില ഉയർന്നിരുന്നു.

കോവിഡിന്‍റെ സാഹചര്യത്തിൽ ക്രൂഡ്​ ഓയിൽ വില 20 ഡോളറിലെത്തുമെന്ന് റേറ്റിങ്​ ഏജൻസിയായ ഗോൾമാൻ സാച്ചസ്​​ പ്രവചിച്ചിരുന്നു. എന്നാൽ, പ്രവചിച്ചതിനെക്കാൾ കനത്ത ഇടിവാണ് എണ്ണവിലയിലുണ്ടായത്.

ആഗോളതലത്തിൽ കൊറോണ വൈറസ് കൂടുതൽ ആളുകളെ ബാധിക്കുന്നത് മൂലം ആളുകൾ വീട്ടിൽ തന്നെ തുടരുകയും യാത്രാ നിരോധനങ്ങളും എണ്ണയുടെ ഉപഭോഗം കുറയാൻ കാരണമായിട്ടുണ്ട്. എണ്ണ വില ഇടിയാനുള്ള പ്രധാന കാരണവും ഇതാകാം. പ്രതിദിന ഉല്‍പാദനം ഒരുകോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും വില പിടിച്ചു നിര്‍ത്താനായില്ല. യുഎസിലെ പ്രധാന സംഭരണ കേന്ദ്രങ്ങളായ ഒക്‌ലഹോമയിലും കുഷിങ്ങിലും സംഭരണം പരമാവധിയിലെത്തിയിരിക്കുകയാണ്. റിഫൈനറികളിലെ പ്രവര്‍ത്തനത്തിനും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

ഇന്ധന വിലത്തകര്‍ച്ച എല്ലാ മേഖലയെയും ബാധിക്കുമെന്ന് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ വിപണികളും വിലത്തകര്‍ച്ചയോടെയാണ് തിങ്കളാഴ്ച അവസാനിപ്പിച്ചത്.

ലോകത്താകമാനമുള്ള സംഭരണകേന്ദ്രങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്. പ്രധാന രാജ്യങ്ങളിലെ സമ്പദ്‌ഘടന ചുരുങ്ങുകയാണെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു. ലോകത്തെ പ്രധാന എണ്ണ ഉപഭോഗ രാജ്യങ്ങളായ ചൈനയും ഇന്ത്യയും എണ്ണ ഇറക്കുമതി ചുരുക്കിയതും പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി.

Read in English: Oil rebounds from record wipeout with prices edging above zero

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook