ന്യൂ യോർക്ക്: സൗദി അറേബ്യയിലെ എണ്ണ ഉല്‍പാദന കേന്ദ്രത്തിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന്, ആഗോള എണ്ണ വിതരണത്തിന്റെ അഞ്ച് ശതമാനത്തിലധികം വെട്ടിക്കുറച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ എണ്ണവില കുത്തനെ കൂടി. 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്.

ഐസിഇ ഫ്യൂച്ചേഴ്സ് യൂറോപ്പിൽ ബ്രെന്റ് 19 ശതമാനത്തിലധികം ഉയർന്ന് ബാരലിന് 71.95 ഡോളറിലെത്തി. ഇത് 1991 ന് ശേഷമുള്ള ഏറ്റവും വലിയ വിലക്കുതിപ്പാണ്. സിംഗപ്പൂരിൽ രാവിലെ 9:27 ന് 12 ശതമാനം ഉയർന്ന ബാരലിന് 67.20 ഡോളറിലെത്തി. വില വീണ്ടും കുതിച്ചുയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. യുഎസ് സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വില്‍ നിന്നും എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതിന് ശേഷമാണ് എണ്ണവിലയില്‍ വര്‍ധനവ്.

Read More: സൗദിയില്‍ എണ്ണ സംസ്‌കരണ കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് സംസ്‌ക്കരണ കേന്ദ്രമായ അബ്‌ഖൈക്കിലും രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണപ്പാടമായ ഖുറൈസിലും 10ഓളം ഡ്രോണുകള്‍ നടത്തിയ ആക്രമണത്തില്‍ സൗദി അരാംകോയ്ക്ക് പ്രതിദിനം 5.7 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദനമാണ് കുറഞ്ഞത്. ഇതാണ് ആഗോള വില കുത്തനെ ഉയരാന്‍ കാരണം. നിര്‍ത്തിവച്ച എണ്ണ ഉല്‍പാദനത്തിന്റെ അളവ് ദിവസങ്ങള്‍ക്കുള്ളില്‍ പുനരാരംഭിക്കാന്‍ സൗദി അറേബ്യയ്ക്ക് കഴിയുമെങ്കിലും പൂര്‍ണ്ണ ഉല്‍പാദന ശേഷി പുനസ്ഥാപിക്കാന്‍ ആഴ്ചകള്‍ ആവശ്യമാണ്.

സൗദി അറേബ്യയിലെ അബ്‌ഖൈക്, ഖുറൈസ് എന്നിവിടങ്ങളിലുള്ള സംസ്‌കാരണ കേന്ദ്രങ്ങളിലാണ് ശനിയാഴ്ച ഡ്രോണ്‍ ആക്രമണം നടന്നത്. ദഹ്‌റാനില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരമാണ് അബ്‌ഖൈകിലേക്കുള്ളത്. ഖുറൈസിലേക്ക് 190 കിലോമീറ്റര്‍ ദൂരമുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ കേന്ദ്രമാണ് ഇവിടങ്ങളിലേത്.

യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇതിനകം തന്നെ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് വ്യക്തമാക്കിയിരുന്നു.

മറ്റ് സ്രോതസ്സുകളിൽ നിന്ന് ക്രൂഡ് എത്തിക്കുമെന്നും ആവശ്യമായ സാധന സാമഗ്രികൾ ഉള്ളതിനാൽ എണ്ണ വിതരണത്തിൽ അടിയന്തര പ്രത്യാഘാതമുണ്ടാകില്ലെന്നും സൗദി അരാംകോ ഒരു ഇന്ത്യൻ റിഫൈനറിയോട് പറഞ്ഞതായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook