/indian-express-malayalam/media/media_files/uploads/2021/05/police-1.jpg)
പ്രതീകാത്മക ചിത്രം
മീററ്റ്: ഉത്തര്‍പ്രദേശ് മുസാഫര്‍നഗറില്‍ 17 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ രണ്ട് സ്വകാര്യ സ്‌കൂളുകളുടെ മാനേജര്‍മാര്‍ക്കെതിരെ കേസ്. സ്വകാര്യ അംഗീകൃത സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് പീഡനത്തിനിരയായത്. സിബിഎസ്ഇ പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരിലാണ് ഇവരെ വീടുകളില്‍നിന്നു കൂട്ടിക്കൊണ്ടുപോയത്.
പ്രതിചേര്‍ക്കപ്പെട്ടവരില്‍ ഒരാള്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ മാനേജരാണ്. പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ മറ്റൊരു സ്‌കൂളിലാണ് വിദ്യാര്‍ഥിനികളെ കൊണ്ടുപോയത്. ഈ സ്‌കൂളിന്റെ മാനേജരാണ് രണ്ടാമത്തെ കുറ്റാരോപിതർ. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഇരുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്‌കൂള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോസ്ഥനെ മാറ്റി.
പെണ്‍കുട്ടികള്‍ക്കു നവംബര്‍ 17-നു രാത്രി മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയശേഷം പീഡിപ്പിച്ചുവെന്നാണ് ആരോപണം. രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ബിജെപി എംഎല്‍എ പ്രമോദ് ഉത്വലിനെ അടുത്തിടെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവം ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ വളരെ ദരിദ്രരായതിനാല്‍ മാനേജര്‍മാരാണ് പെണ്‍കുട്ടികളെ പരീക്ഷയ്ക്കു കൊണ്ടുപോയിരുന്നത്. മയക്കുമരുന്ന് ഉള്ളില്‍ ചെന്നതിനെത്തുടര്‍ന്ന് 17 പേരും ബോധരഹിതരായതായും അടുത്ത ദിവസം മാത്രമാണ് വീട്ടിലേക്കു മടങ്ങിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കുടുംബാംഗങ്ങളെ കൊല്ലുമെന്നു പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറില്‍ പറയുന്നു.
പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ തന്നെ സമീപിച്ചതിനെത്തുടര്‍ന്ന് എസ്എസ്പി അഭിഷേക് യാദവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എംഎല്‍എ ഉത്വല്‍ പറഞ്ഞു. ആരോപണങ്ങള്‍ ശരിയാണെന്ന് സ്ഥിരീകരിച്ചതായി എസ്എസ്പി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
''പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജിനെ ചുമതലയില്‍നിന്നു നീക്കി. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. കേസ് അന്വേഷിക്കുകയാണ്, കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,''എസ്എസ്പി പറഞ്ഞു.
പൊലീസിന്റെ അനാസ്ഥയാണ് സംഭവത്തില്‍ നടപടി വൈകിപ്പിച്ചതെന്നു പ്രമോദ് ഉത്വല്‍ പറഞ്ഞു. ''ഇരകള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്, ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ക്കു സാധ്യമായ ഏറ്റവും ശക്തമായ ശിക്ഷ ഉറപ്പാക്കും. അവര്‍ കൃത്യസമയത്ത് കീഴടങ്ങിയില്ലെങ്കില്‍, അവരുടെ കുടുംബങ്ങളും പ്രത്യാഘാതം നേരിടേണ്ടി വരും,'' ഉത്വല്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
രണ്ട് സ്‌കൂളുകളിലും എട്ടാം ക്ലാസ് വരെ മാത്രമേ നടത്താന്‍ അനുമതിയുള്ളൂവെങ്കിലും പത്താം ക്ലാസ് വരെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് എംഎല്‍എ പറഞ്ഞു. സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കാന്‍ സിബിഎസ്ഇ അധികൃതരെ സമീപിക്കുമെന്ന് ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ ഗജേന്ദ്ര കുമാര്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.