ന്യൂഡല്‍ഹി: അഞ്ച് ദിവസത്തിനുള്ളില്‍ ശരാശരി ഒരാളാണ് രാജ്യത്ത് തോട്ടിപ്പണിക്കിടയില്‍ മരിക്കുന്നതെന്ന് കണക്കുകള്‍. നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫാരി കരംചാരീസ് (എന്‍സിഎസ്കെ) ശേഖരിച്ച 2017ജനുവരി 1 മുതലുള്ള കണക്കുകളിലാണ് ഇത് വ്യക്തമാകുന്നത്. തോട്ടിപ്പണി ചെയ്യുന്നവരുടെ ക്ഷേമം കണക്കിലെടുത്ത് പാര്‍ലമെന്റ് സ്ഥാപിച്ച ഏജന്‍സിയാണ് എന്‍സിഎസ്കെ.
പത്ര റിപ്പോര്‍ട്ടുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ കൈമാറിയ കണക്കുകള്‍ എന്നിവ ആശ്രയിച്ചാണ് റിപ്പോര്‍ട്ട്. 2017 ജനുവരി മുതല്‍ തോട്ടിപ്പണിയെടുക്കുന്നതിനിടയില്‍ 123 പേര്‍ മരണപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ മരണപ്പെട്ടത് ആറുപേരാണ്. കണക്കുകളുടെ ദൗര്‍ലഭ്യം നിലനില്‍ക്കുന്നതിനാല്‍ മരണസംഖ്യ ഇതിലും വളരെ കൂടുതല്‍ ആകാന്‍ ഇടയുണ്ടെന്ന് എന്‍സിഎസ്കെ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.
സെപ്റ്റിക് ടാങ്കുകളും ഓവുചാലും വൃത്തിയാക്കുന്ന ജോലി ചെയ്യുന്നവരുടെ കണക്ക് സര്‍ക്കാരിന്റെ കൈവശമില്ല. രാജ്യത്തുടനീളം നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ലക്ഷക്കണക്കിന് ദലിതരാണ് തോട്ടിപ്പണിയെടുത്ത് ജീവിക്കുന്നത്. 28 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളുമുള്ള ഇടത്ത് 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളും മാത്രമാണ് എന്‍സിഎസ്കെയുടെ ഡാറ്റയില്‍ വന്നിട്ടുള്ളത്.

തോട്ടിപ്പണി നിരോധിച്ചുകൊണ്ട് 1993ല്‍ നിയമം പാസാക്കിയിട്ടുണ്ട്. 2013ല്‍ അഴുക്കുചാലുകളെയും സെപ്റ്റിക് ടാങ്കുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് അതില്‍ കൂടുതല്‍ ഭേദഗതി വരുത്തി.
ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2011ലെ സാമൂഹിക- സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം ഏറ്റവും കൂടുതല്‍പേര്‍ തോട്ടിപ്പണി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. ഗ്രാമീണ മഹാരാഷ്ട്രയില്‍ മാത്രം 65,181വീടുകളില്‍ കുറഞ്ഞത് ഒരാളെങ്കിലും തോട്ടിപ്പണി എടുക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്.
തോട്ടിപ്പണിക്കിടയില്‍ മരണപ്പെട്ടാല്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് നിയമമുണ്ട്. എന്‍സിഎസ്കെ വിവരം ശേഖരിച്ച 123ല്‍ 70 കേസുകളില്‍ മാത്രമാണ് നഷ്ടപരിഹാരം നല്‍കിയിട്ടുള്ളത്.