ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫിസിന് ലഭിച്ചത് 12,000 ത്തോളം പരാതികൾ. സി വിഗിൽ ആപ്പ് മുഖേന ലഭിച്ച പരാതികളിൽ 11,000 പരിഹരിക്കാൻ വേണ്ടിവന്നത് 100 മിനിറ്റ് മാത്രം.
നോർത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ് എന്നിവ ഒഴികെയുള്ള ഡൽഹിയിലെ മിക്കവാറും എല്ലാ ജില്ലകളിലും 100 മിനിറ്റിനുള്ളിൽ 90 ശതമാനം കേസുകളും പരിഹരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് ലഭിച്ച കണക്കുകൾ പറയുന്നു. സെൻട്രൽ ജില്ലയിൽ ഇത് 99 ശതമാനമാണ്, സൗത്ത് വെസ്റ്റിൽ ഇത് 87 ശതമാനമാണ്.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി 2018 ലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സി വിഗിൽ ആപ്പ് പുറത്തിറക്കിയത്. പൗരന്മാരെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ആപ്പ് ഡൗൺലോഡ്ചെയ്‌തതിനുശേഷം, ഉപയോക്താക്കൾക്ക് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമെന്ന് കരുതുന്ന എന്തിന്റെയും ഫോട്ടോയോ വീഡിയോയോ പകർത്തി അയയ്ക്കാമെന്ന് ഒഎസ്ഡി (ഐടി) വികാസ് അഹ്‌ലാവത് പറഞ്ഞു.
Delhi Election 2020: ഡൽഹിയിൽ പോളിങ് പുരോഗമിക്കുന്നു, വോട്ട് രേഖപ്പെടുത്തി പ്രമുഖർ
അവർ ഒരു പരാതി സമർപ്പിക്കുമ്പോൾ, ജിയോ കോർഡിനേറ്റുകൾ ബന്ധപ്പെട്ട ജില്ലയിലേക്ക് പോകുന്നു. അഞ്ച് മിനിറ്റിനുള്ളിൽ ഡിഇഒ ഏതു നിയമസഭാ മണ്ഡലവുമായി ബന്ധപ്പെട്ടതാണ് പരാതിയെന്ന് കണ്ടെത്തുകയും, പരാതി ബന്ധപ്പെട്ട നിയോജകമണ്ഡലത്തിലെ ഫ്ലൈയിംഗ് സ്ക്വാഡ് ടീമിലേക്ക് (എഫ്എസ്ടി) കൈമാറുകയും ചെയ്യും, പിന്നീട് പരിശോധിക്കാൻ സ്ഥലത്തേക്ക് പോകും. വെറും 100 മിനിറ്റിനുളളിലാണ് ഈ നടപടികളെല്ലാം പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഘട്ടത്തിൽ പരാതിയിൽ കഴമ്പില്ലെന്നു കണ്ടെത്തിയാൽ തളളിക്കളയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനുമതിയില്ലാതെ ബാനറുകളും പോസ്റ്ററുകളും പതിച്ചതുമായി ബന്ധപ്പെട്ടുളളതാണ് ഭൂരിഭാഗം പരാതികളെന്നും അഹ്‌ലാവത് പറഞ്ഞു. സെൻട്രൽ ജില്ലയിൽനിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്, 3,483. ഇതിൽ 3,464 എണ്ണം 100 മിനിറ്റിനുളളിൽ പരിഹരിച്ചു. ഇതിൽ തന്നെ ബുരാരിയിൽനിന്നാണ് കൂടുതൽ പരാതികൾ കിട്ടിയത്, 2,146. സൗത്ത് ജില്ലയിൽനിന്നാണ് ഏറ്റവും കുറവ് പരാതികൾ ലഭിച്ചത്, 117. ഇതിൽ 109 എണ്ണം 100 മിനിറ്റിനുളളിൽ തീർപ്പാക്കി.