ഭുവനേശ്വര്‍: മാവോയിസ്റ്റുകളെ നേരിടാന്‍ കേന്ദ്രത്തോട് കൂടുതല്‍ സേനയെ ആവശ്യപ്പെടാന്‍ ഒഡീഷ സര്‍ക്കാരിന്‍റെ തീരുമാനം. സംസ്ഥാന ചീഫ് സെക്രട്ടറി ആദിത്യ പ്രസാദ് പഥി ആണ് ബുധനാഴ്ച നടന്ന നയരൂപീകരണ യോഗത്തിനു ശേഷം ഈ വിവരം അറിയിച്ചത്.

“മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ കേന്ദ്രസൈന്യത്തെ വിന്യസിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെടുന്നതായിരിക്കും. ഈ പ്രദേശങ്ങളില്‍ മികച്ച മൊബൈല്‍ സേവനം ലഭ്യമാക്കുക, റോഡ്‌ സൗകര്യം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി നടക്കുന്ന യോഗത്തില്‍ അവതരിപ്പിക്കും. “മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്‍റെ തന്ത്രം രൂപപ്പെടുത്തുന്നതിനായി ഭുവനേശ്വറില്‍ നടന്ന മീറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു ആദിത്യ പ്രസാദ്.

മാവോയിസ്റ്റ് ബാധിതമായ പത്തു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചീഫ് സെക്രട്ടറിമാരും പൊലീസ് മേധാവികളും പങ്കെടുക്കുന്ന യോഗം മേയ് 8 നാണ് നടക്കുക. കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിങ് യോഗത്തിനു അധ്യക്ഷത വഹിക്കും. മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭ്യമല്ല എന്നത് മാവോയിസ്റ്റ് നിയന്ത്രണമുള്ള പല പ്രദേശങ്ങളിലേയും പ്രധാന പ്രശ്നമാണ്. ആ പ്രശ്നത്തെ അടിയന്തിരമായി അഭിമുഖീകരിക്കേണ്ടതുണ്ട് എന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

“മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഉള്ള പ്രദേശങ്ങളില്‍ പോലും ഇന്‍റര്‍നെറ്റിന്‍റെ ബാന്‍ഡ്വിഡ്ത്ത് കുറവാണ്. ഇത് സുരക്ഷാ സൈനികരേയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ്. അതുകൊണ്ട് തന്നെ ഈ ആവശ്യങ്ങളെ അടിയന്തിരമായി പരിഗണിക്കേണ്ടതുമുണ്ട്” ആദിത്യ പ്രസാദ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ